Connect with us

Gulf

ഷോപ്പുകള്‍ക്കു മുമ്പില്‍ പാര്‍ക്കിംഗ് റിസര്‍വ് ചെയ്യുന്നത് നിയമവിരുദ്ധം

Published

|

Last Updated

ദോഹ: ഷോപ്പുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുമ്പില്‍ മരത്തടി, ടയറുകള്‍, കല്ലുകള്‍, കസേര തുടങ്ങിയവ വെച്ച് പാര്‍ക്കിംഗ് ബുക്ക് ചെയ്യുന്നത് നിയമവിരുദ്ധമെന്ന് മീഡിയ- ട്രാഫിക് ബോധവത്കരണ ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് റാളി അല്‍ ഹജ്‌രി. നിയമം ലംഘിക്കുന്നവര്‍ക്ക് 300 ഖത്വര്‍ റിയാല്‍ പിഴ ഈടാക്കും. പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സ്വകാര്യആവശ്യത്തിന് വേണ്ടി ബുക്ക് ചെയ്ത് വെക്കാന്‍ സാധിക്കില്ല. അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റില്‍ അറിയിക്കണം. ഇങ്ങനെ പാര്‍ക്കിംഗ് ബുക്ക് ചെയ്തത് ശ്രദ്ധയില്‍പെട്ടാല്‍ മൊബൈലില്‍ ഫോട്ടോയെടുത്ത് ഇ മെയില്‍ അയക്കുകയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍ റൂമില്‍ ഫോണ്‍ വിളിച്ചുപറയുകയോ വേണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഓപറേഷന്‍ റൂം. പട്രോള്‍ സംഘം സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷോപ്പുകളിലും അപ്പാര്‍ട്ടമെന്റ് കെട്ടിടങ്ങളിലും പാര്‍ക്കിംഗ് പ്രതിസന്ധി നേരിട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് അല്‍ റയ്യാന്‍ സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ നാസര്‍ ദര്‍മാന്‍ അല്‍ ഹാജ്‌രി പറഞ്ഞു. പാര്‍ക്കിംഗ് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമോ ചീത്തവിളിയോ പോലെയുള്ള കുറ്റകൃത്യം നടന്നാല്‍ മാത്രമേ ക്രിമിനല്‍ അന്വേഷണം നടത്തുകയുള്ളൂ. പാര്‍ക്കിംഗ് തര്‍ക്കങ്ങള്‍ ട്രാഫിക് വകുപ്പിന്റെ കീഴിലാണ് വരുന്നത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇരു കക്ഷികളും ധാരണയിലെത്തിയാല്‍, ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം അറിയിക്കണം. ഒത്തുതീര്‍പ്പ് ഉണ്ടാകുന്നില്ലെങ്കില്‍ നിയമനടപടിക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.