അവഹേളിച്ചവരെ ചരിത്രം പാഠം പഠിപ്പിച്ചിട്ടുണ്ട്: പേരോട്

Posted on: January 30, 2016 1:50 pm | Last updated: January 30, 2016 at 1:50 pm
SHARE

perodeകുറ്റിയാടി: പിഴച്ച ത്വരീഖത്തിന്റെ പേരില്‍ സ്വാര്‍ഥ താത്പര്യത്തിനുവേണ്ടി പണ്ഡിതന്മാരെയും സാദാത്തുക്കളെയും വ്യക്തി ഹത്യ ചെയ്ത് കൊണ്ട് അവഹേളിച്ച വരെ ചരിത്രം പാഠം പഠിപ്പിച്ചിട്ടുണ്ടെന്ന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. എല്ലാ സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും നേതാവായ തിരുനബി (സ) യുടെ ശിഷ്യത്വം സ്വീകരിച്ച് നബി തങ്ങളെ വഞ്ചിക്കുകയും തങ്ങള്‍ക്കെതിരെ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്ത കപട ശിഷ്യന്റെ ചരിത്രം അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവാചകരെ പ്രകീര്‍ത്തിക്കുന്നതില്‍ ശിര്‍ക്ക് ആരോപിക്കുന്ന പുത്തന്‍ വാദികള്‍ ഈ പ്രവണത നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റിയാടി സിറാജുല്‍ ഹുദായില്‍ നടന്നു വരുന്ന പ്രഭാഷണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമാം ബൂസ്വീരിയുടെ വിശ്വ പ്രസിദ്ധമായ ബുര്‍ദാ കാവ്യത്തെ ആസ്പദമാക്കി കുറ്റിയാടിയില്‍ തുടക്കം കുറിച്ച ബുര്‍ദാ പ്രഭാഷണം വരും ദിനങ്ങളില്‍ മേപ്പയ്യൂര്‍, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ തുടരും. 2016 ഡിസംബര്‍ ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് ബുര്‍ദാ പ്രഭാഷണം നടക്കുന്നത്. സിറാജുല്‍ ഹുദാ സ്ഥാപനങ്ങളുടെ കാര്യദര്‍ശി കൂടിയാണ് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി. പ്രഭാഷണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ദിക്‌റ് ഹല്‍ഖക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മുത്വലിബ് സഖാഫി നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം സഖാഫി കുമ്മോളി, വേളം മൊയ്തു മുസ്ല്യാര്‍, അബ്ദുസ്സലാം സഅദി, ആറ്റക്കോയതങ്ങള്‍, ഇസ്മാഈല്‍ സഖാഫി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, ഹക്കീം സഖാഫി ആയഞ്ചേരി, അബ്ദുസ്സമദ് അമാനി പട്ടുവം, ബശീര്‍ സഖാഫി കൈപ്രം തുടങ്ങിയവര്‍ സംബന്ധിച്ചു. ടി ടി അബൂബക്കര്‍ ഫൈസി സ്വാഗതവും അബ്ദുസ്സലാം സഖാഫി ആക്കല്‍ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here