വിത്തുത്സവം -കാര്‍ഷിക ജൈവ വൈവിധ്യ പ്രദര്‍ശനം ശ്രദ്ധേയമായി

Posted on: January 30, 2016 10:03 am | Last updated: January 30, 2016 at 10:03 am

കല്‍പ്പറ്റ: വിത്ത്, മണ്ണ്, ഭക്ഷണം അവകാശവും ഉത്തരവാദിത്വവും എന്ന സന്ദേശവുമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിക്കുന്ന വിത്തുല്‍സവത്തില്‍ കാര്‍ഷിക ജൈവവൈവിധ്യ പ്രദര്‍ശനം അപൂര്‍വ്വങ്ങളായ സസ്യ ലത ഫല മൂലങ്ങള്‍കൊണ്ടും ജൈവവൈവിധ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.
വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളും തമിഴ്‌നാട്ടിലെ കൊള്ളിഹില്‍സിലെയും നീലഗിരി ജില്ലയിലെയും കര്‍ഷകരാണ് അവരുടെ വിഭിന്നങ്ങളായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിട്ടുള്ളത്. ചെറുവയല്‍ രാമന്റെ 61 ഇനം നാടന്‍ നെല്‍ വിത്തിനങ്ങളും, വിവിധ പഞ്ചായത്തുകളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ച കാച്ചില്‍ ഇനങ്ങളും, വിവിധ ചേനകളും, ഏഴോളം ചേമ്പിനങ്ങളും അഞ്ചോളം നാരങ്ങകളും, പണ്ട് രാജാക്ക•ാരുടെ കുത്തകയായിരുന്ന താമര ചക്ക അടക്കം വിവിധ ചക്കകളും പത്തോളം മുളകിനങ്ങളും, എട്ടോളം വിത്തിനങ്ങളും,ആറോളം അമരയും, പത്തോളം ഇനം വാഴപ്പഴങ്ങളും,ആറോളം ചീരയിനങ്ങളും, വൈവിധ്യമാര്‍ന്ന മത്തന്‍,കുമ്പളം,ചുരക്ക,പടവലം,വഴുതന ഇനങ്ങളും ഇഞ്ചി,മഞ്ഞള്‍, ഇനങ്ങളും എള്ള്, മുത്താറി, മുതിര,ഉഴുന്ന്, ചോളം,പടവലം,പീച്ചിങ്ങ, തക്കാളി, വെണ്ട,പപ്പായ,സപ്പോട്ട,ഫോഷന്‍ ഫ്രൂട്ട്, തേങ്ങ, അടക്ക, നെല്ലിക്ക, കരിമ്പ്, തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനുണ്ട്.
ഗന്ധകശാല അരിയുടെ മണമുള്ള ഗന്ധകശാല കാച്ച13 ഗ്ലാസ്സ് വെള്ളം ലഭിക്കുന്ന ഇളനീരും വിത്തുല്‍സവത്തില്‍ ആകര്‍ഷണമായി. തമിഴ് നാട്ടിലെ കൊള്ളിമലയിലെ കര്‍ഷകരുടെ 7 തരം ചാമ, 5 തരം തിനയും, 7 തരം മുത്താറിയും, 2 തരം കൂവരകും 3 തരം തുവരയും നീലഗിരിജില്ലയുടെ കാടകൊടി ഉറുമിവിളിക്കചുരക്കയും, നെല്ല് അവരയും പഞ്ചിക്കചൂരി എരഞ്ചിയും വിവിധ കൂവകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഇന്ന് അവയുടെ വിപണനം നടക്കുന്നതാണ്. അതോടൊപ്പം തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് അവര്‍ ശേഖരിച്ചു വച്ചിട്ടുള്ള വിത്തുകളോ മറ്റ് നടീല്‍ വസ്തുക്കളോ മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളോ വിപണനം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസ്തുത ഉല്‍പ്പന്നങ്ങളുമായി പുത്തൂര്‍ വയലിലെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ശനിയാഴ്ച രാവിലെ എത്തിച്ചേരാവുന്നതാണ്.
കര്‍ഷകര്‍ ഒരിക്കല്‍പോലും കാണാത്ത കേള്‍ക്കാത്ത കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത് കര്‍ഷകര്‍ക്ക് പ്രചോദനവും വിജ്ഞാനവും പ്രദാനം ചെയ്തു