Connect with us

Wayanad

ജൈവകൃഷിയില്‍ അര്‍ഥവത്തായ ഗവേഷണ ഘടകങ്ങള്‍ രൂപപ്പെടുത്തണം: ജൈവ കര്‍ഷക സംഗമം

Published

|

Last Updated

കല്‍പ്പറ്റ: ജൈവകൃഷിയില്‍ അര്‍ഥവത്തായ ഗവേഷണ ഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. ജൈവ തത്വശാസ്ത്രത്തിന്റെ സ്വഭാവം കണ്ടറിഞ്ഞു കൊണ്ടായിരിക്കണമിത്.
വയനാട് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്നുവരുന്ന വിത്തുല്‍സവം 2016ന്റെ ഭാഗമായി നടത്തിയ കേരളം – ജൈവകൃഷി നയം: വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ നടത്തിയ സംസ്ഥാന തല ജൈവ കര്‍ഷക സംഗമം അഭിപ്രായപ്പെട്ടു. ഡോ.ഉമ്മന്‍ വി ഉമ്മന്‍ (ചെയര്‍മാന്‍, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്) ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതിയുടെ സംതുലിതാവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയില്‍ ലഭ്യമായ പ്രകൃതി സൗഹാര്‍ദ മാര്‍ഗങ്ങള്‍ അവലംബിച്ച് പരമാവധി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കണം ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്.
നിയന്ത്രണാതീതമായ രാസവസ്തുക്കളുടെ പ്രയോഗം ഉയര്‍ത്തുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമായി മാറുന്നു.അശാസ്ത്രീയവും അമിതവുമായ രാസവസ്തുക്കളുടെ പ്രയോഗം വരുത്തിവെക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം അമിവാര്യമാണ്. രോഗപ്രതിരോധ ശേഷിയുള്ള പരമ്പരാഗത ഇനങ്ങളേയും ജനുസ്സുകളേയും നമ്മുടെ കൃഷിയിടത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. നഷ്ടപ്പെട്ട മണ്ണിന്റെ ആരോഗ്യം തിരിച്ചു പിടിക്കല്‍ തുടങ്ങി കൃഷിയുടെ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്ന തരത്തിലുള്ള ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കേരളം നടപ്പിലാക്കാന്‍ പോകുന്ന ജൈവകൃഷി നയത്തില്‍ ഇത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനുള്ള പരിപാടികള്‍ ഉണ്ടാവണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് കര്‍ഷകരും കര്‍ഷക പ്രതിനിധികളും കര്‍ഷക സംഗമത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ഡോ.ജോസഫ് മാത്യു (കേരള വെറ്ററിനറി ആനിമല്‍ സയന്‍സ് ഡയറക്ടര്‍ ) മോഡറേറ്ററായി. ഡോ. കെ ആര്‍ ആഷ (ജോയിന്റ് ഡയറക്ടര്‍, ആത്മ) ഡോ. ഇന്ദിരാദേവി (കേരള കാര്‍ഷിക സര്‍വകലാശാല) ഡോ. എന്‍. അനില്‍ കുമാര്‍ (ഡയറക്ടര്‍, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം) എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
ആത്മ, സീസ്‌കെയര്‍,സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ആദിവാസി വികസന സമിതി, എം എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിത്തുല്‍സവം ഇന്ന് വൈകുന്നേരം സമാപിക്കും. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും ഒരുക്കിയ കാര്‍ഷിക നടീല്‍ വസ്തുക്കളുടെ സ്റ്റാളുകളില്‍ ഇന്ന് വിത്തു കൈമാറ്റവും വിപണനവും നടക്കും.