സിക്ക വൈറസ് 40 ലക്ഷം ജനങ്ങളിലേക്ക് ബാധിക്കുമെന്ന് യു എന്‍ റിപ്പോര്‍ട്ട്‌

Posted on: January 30, 2016 5:28 am | Last updated: January 29, 2016 at 11:29 pm
SHARE

ജനീവ: സിക്ക വൈറസ് സ്‌ഫോടനാത്മകമായ തോതില്‍ വ്യാപിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യമുണ്ടാക്കുന്ന സിക്ക വൈറസ്് അടുത്ത വര്‍ഷം 40 ലക്ഷം പേരെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. അത്യന്തം സ്‌ഫോടനാത്മകമാം വിധമാണ് വൈറസ് തെക്കേ, വടക്കേ അമേരിക്കന്‍ നാടുകളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. സാഹചര്യം നേരിടുന്നതിനായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അന്താരാഷ്ട്രയോഗം വിളിച്ചുകൂട്ടുന്നുണ്ട്. അടുത്തയാഴ്ച നടക്കുന്ന യോഗം നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന്് തീരുമാനിക്കും. കുട്ടികളുടെ തലച്ചോര്‍ ചുരുങ്ങുന്ന മൈക്രോസെഫാലി എന്ന അവസ്ഥയാണു സിക്ക വൈറസ് മൂലം ഉണ്ടാകുന്നത്.
ഈഡിസ് ഈജിപ്തി എന്നയിനം കൊതുക് പരത്തുന്നതാണ് വൈറസ്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ 23 രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. വൈറസിന് ഈ പേരു നല്‍കിയത് അതുമൂലമാണ്.കൊതുകിനം തന്നെയാണ് സിക്ക വൈറസ് പരത്തുന്നതും എന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ അത്യധികം ആശങ്കയോടെയാണ് കാണുന്നത്. രോഗത്തെ നേരിടാനുള്ള ആദ്യപടി പ്രസവവും ഗര്‍ഭധാരണവും തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയാണ്. ഇത്തരമൊരു നടപടി ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍സാല്‍വദോര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
രണ്ട്‌വര്‍ഷത്തേക്ക് പ്രസവം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്.2014ല്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള ബാധയെത്തുടര്‍ന്ന് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവില്‍ 20 ലേറെ രാജ്യങ്ങളില്‍ വൈറസ് ഉണ്ടെന്നാണ് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here