വിദ്യാഭ്യാസ കൗണ്‍സിലും ആരോഗ്യ കൗണ്‍സിലും ഇനി ഇല്ല

Posted on: January 29, 2016 8:45 pm | Last updated: January 29, 2016 at 9:04 pm

ദോഹ: മന്ത്രിസഭാ അഴിച്ചു പണിക്കു പിറകേ പൊതുമേഖലയിലെ സ്വതന്ത്ര ഭരണ വകുപ്പുകളിലും മാറ്റം. സുപ്രിം ഹെല്‍ത്ത് കൗണ്‍സിലും (എസ് സി എച്ച്) സുപ്രിം എജ്യുക്കേഷന്‍ കൗണ്‍സിലും (എസ് ഇ സി) നിര്‍ത്തലാക്കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവിറക്കി. കൗണ്‍സിലുകളുടെ ചുമതല യഥാക്രമം പൊതു ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നിര്‍വഹിക്കുമെന്ന് ദി പെനിന്‍സുല പത്രം റിപ്പോര്‍ട്ടു ചെയ്തു. മന്ത്രാലയങ്ങളും മന്ത്രിമാരെയും പുനഃക്രമീകരിച്ച് കഴിഞ്ഞ ദിവസമാണ് അമീര്‍ ഉത്തരവിറക്കിയത്.
2016ലെ ഒന്നാം ഉത്തരവു പ്രകാരമാണ് അമീര്‍ മന്ത്രാലയം പുനഃസ്സംഘടിപ്പിച്ചത്. അമീരി ഉത്തരവ് രണ്ട് പ്രകാരം മേജര്‍ ജനറല്‍ ഹമദ് ബിന്‍ അലി അല്‍ അത്വിയ്യയെ പ്രധാനമന്ത്രിയുടെ റാങ്കോടെ അമീറിന്റെ പ്രതിരോധ ഉപദേശകനായി നിയമിച്ചിരുന്നു. അടിയന്തര പ്രാബല്യത്തോടെയാണ് അമീറിന്റെ ഉത്തരവുകള്‍ വന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ടേംസ് ഓഫ് റഫറന്‍സും പുനര്‍നിര്‍വചിച്ചിട്ടുണ്ട്. രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിയന്ത്രണം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനായിരിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രാഥമികാരോഗ്യ കോര്‍പ്പറേഷനും പൊതു ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ്. ഉത്തരവുകളും തീരുമാനങ്ങളും ഇറക്കിയ തിയ്യതിക്കു തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ക്യു എന്‍ എ റിപ്പോര്‍ട്ടു ചെയ്തു.