Connect with us

International

ബുറുണ്ടിയില്‍ രണ്ട് വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 17 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ബുജുംബുറ (ബുറുണ്ടി): ഭരണ പ്രതിസന്ധി തുടരുന്ന ബുറുണ്ടിയില്‍ വ്യാഴാഴ്ച്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 17 പേര്‍ അറസ്റ്റിലായി. പ്രസിഡന്റിന്റെ വക്താവായ വില്ലി നിയാമിറ്റ്‌വെ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി വക്താവ് അറിയിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജീന്‍ ഫിലിപ്പി റെമി, ബ്രിട്ടീഷ് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ഫില്‍ മൂറെ എന്നിവരാണ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍.

മാധ്യമപ്രവര്‍ത്തകര്‍ നിയമപരമായി ബുറുണ്ടിയില്‍ തുടരാന്‍ അവകാശമുള്ളവരാണെന്നും അവര്‍ ജോലി ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ഫോറിന്‍ കറസ്‌പോണ്ടന്റ് അസോസിയേഷന്‍ ഓഫ് ഈസ്റ്റ് ആഫ്രിക്ക പ്രതിനിധികള്‍ അറിയിച്ചു.

പ്രസിഡന്റ് പിയറെ എന്‍കുറുന്‍സിസയുടെ തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബുറുണ്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. രാജ്യത്ത് ഇതുവരെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.