Connect with us

Gulf

ഖത്വര്‍ റെയിലിലും പിരിച്ചു വിടല്‍

Published

|

Last Updated

ദോഹ: എണ്ണവിലക്കുറവനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സാമ്പത്തിക പുനക്രമീകരണത്തിന്റെ ഭാഗമായി തൊഴില്‍ പിരിച്ചുവിടല്‍ തുടരുന്നു. ഖത്വര്‍ റെയില്‍ പദ്ധതയില്‍നിന്നും 50 ജീവനക്കാരെ ഈയാഴ്ച പിരിച്ചുവിട്ടതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബിസിനസ് എഫിഷ്യന്‍സ് റിവ്യൂ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
നേരത്തേ ആരോഗ്യ മേഖലയില്‍നിന്നും മറ്റു സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. പെട്രോള്‍, ഗ്യാസ് കമ്പനികളെയാണ് പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുന്നത്. ആരോഗ്യമേഖലയില്‍നിന്നുള്‍പ്പെടെ ഇനിയും തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് സൂചന. രാജ്യത്തവതരിപ്പിച്ച കമ്മി ബജറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ മേഖലയില്‍ പദ്ധതികള്‍ കുറയുന്നതോടെ സ്വകാര്യ കമ്പനികളിലേക്കും പിരിച്ചുവിടല്‍ കടന്നു വരുമെന്നു നിരീക്ഷണങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്വര്‍ പെട്രോളിയം ഏകദേശം 3000 പേരെ പിരിച്ചു വിട്ടുവെന്നാണ് കണക്ക്. റാസ് ഗ്യാസ്, മീര്‍സ്‌ക് ഓയില്‍ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലും പിരിച്ചു വിടല്‍ നടന്നു.
എണ്ണവിലക്കൂറവിലൂടെ രാജ്യം നേരിടുന്ന 46.5 ബില്യന്‍ റിയാലിന്റെ കമ്മി നികത്തുന്നിതിന് എല്ലാ മേഖലയിലും ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഖത്വര്‍ മ്യൂസിയം, ഒരീദു, അല്‍ ജസീറ തുടങ്ങിയ സ്ഥാപനങ്ങളിലും ഇതിനകം ജീവനക്കാരെ കുറക്കുന്ന നടപടികളുണ്ടായതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.
ജീവനക്കാരെ കുറച്ചുകൊണ്ട് സ്ഥാപനങ്ങളുടെ ആഭ്യന്തര സജ്ജീകരണാണ് മാനേജ്‌മെന്റ് നിര്‍വഹിക്കുന്നത്. എണ്ണവിലിയിലെ കുറവ് ഈ വര്‍ഷവും തുടരുമെന്ന് ലോകബേങ്ക് മുന്നറിയിപ്പുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനികള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്കു നീങ്ങുന്നത്. വിവിധ വിഭാഗങ്ങളില്‍നിന്നാണ് 50 പേരെ പിരിച്ചുവിട്ടതെന്ന് ഖത്വര്‍ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരെല്ലാം വിദേശികളാണ്. സ്വദേശികളെ പിരിച്ചു വിട്ടിട്ടില്ലെന്നും ഇനി കൂടുതല്‍ പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പിരിച്ചുവിടല്‍ രണ്ടാഴ്ചക്കകമാണ് പൂര്‍ത്തിയാക്കുകയെന്ന് അധികൃതര്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടവരുടെ വ്യക്തിപരമായി നേരിടേണ്ടി വരുന്ന പ്രതിസന്ധിയില്‍ ഖേദമുണ്ടെന്നും ഖത്വര്‍ റെയില്‍ മേധാവികള്‍ പറഞ്ഞു.
നേരത്തേ ആരോഗ്യ മേഖലയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഹമദില്‍ ഇനിയും പിരിച്ചുവിടല്‍ തുടരുമെന്നാണ് വിവരം. 50നു മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നതിനും നടപടികളുണ്ട്. പല കമ്പനികളും പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കി യുവാക്കളെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും പുനസംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അമീരി തീരുമാനം വന്നിരുന്നു. ന്‌ഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങി ആയിരത്തോളം പേരാണ് ഹമദില്‍ പിരിച്ചു വിടല്‍ ഭീഷണി നേരിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹമദ് കോര്‍പറേഷന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സിദ്‌റയില്‍ നിന്ന് ആഴ്ചകള്‍ക്കു മുമ്പ് 200 പേരെയാണ് പിരിച്ചു വിട്ടത്.

Latest