Connect with us

Gulf

അമീര്‍ ഇറ്റാലിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റാറില്ലയുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: ഇറ്റാലിയന്‍ പര്യടനം നടത്തുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി റോമില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റാറില്ലയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമായും നിക്ഷേപ രംഗത്തെ സഹകരണം സംബന്ധിച്ചാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. 2022ലെ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള ഖത്വറിന്റെ സന്നദ്ധതയെ ഇറ്റാലിയന്‍ പ്രസിഡന്റ് സ്വാഗതം ചെയ്തു. ലോകകപ്പിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. രാജ്യാന്തര ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നതിലൂടെ ഖത്വറിന്റെ വളര്‍ച്ച് മേല്‍പ്പോട്ടു കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര തലത്തിലെയും മേഖലയിലെയും വിവിധ പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഫലസ്ത്രീന്‍ സാഹചര്യങ്ങള്‍ ചര്‍ച്ചയില്‍ പ്രത്യേക വിഷയമായി. സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളിലെ അവസ്ഥയും ഭീകരത നേരിടുന്നതിനായി നടക്കുന്ന രാജ്യാന്തര പരിശ്രമങ്ങള്‍ക്ക് ഇരു നേതാക്കളും പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റ് പീട്രോ ഗ്രാസോയുമായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രസിഡന്റ് സെര്‍ജിയോ മാറ്റെറില്ല സംഘടിപ്പിച്ച വിരുന്നു സല്‍ക്കാരത്തിലും ശൈഖ് തമീം പങ്കെടുത്തു. അമീറിനെയും സംഘത്തെയും ആദരിക്കുന്നതിനായാണ് പ്രസിഡന്റ് വിരുന്നൊരുക്കിയത്.