Connect with us

Gulf

രാജ്യത്ത് കഴിഞ്ഞ മാസം നടന്നത് ഒന്നര ലക്ഷം ഗതാഗത നിയമലംഘനം

Published

|

Last Updated

ദോഹ: കഴിഞ്ഞ മാസം രാജ്യത്ത് നടന്നത് ഒന്നര ലക്ഷത്തോളം ഗതാഗതലംഘനങ്ങള്‍. ഖത്വര്‍ ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കുന്ന മാസാന്ത സ്ഥിതി വിവരക്കണക്കിലാണ് ഡിസംബറിലെ ട്രാഫിക് ലംഘനങ്ങളുടെയും മറ്റും വിവരം രേഖപ്പെടുത്തിയത്. 1,42,645 ലംഘനങ്ങളാണ് ഉണ്ടായതെങ്കിലും തൊട്ടുമുന്‍ മാസത്തെ അപേക്ഷിച്ച് 6.4 ശതമാനം കുറവാണെന്നും കണക്കു വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ മാസം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി. 2014 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തതിനെക്കാള്‍ 8.3 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. 10,317 വാനങ്ങളാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതേസമയം ഹമദ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വിസില്‍ ഗണ്യമായ വര്‍ധനയുണ്ടായി. മുന്‍ മാസത്തെക്കാള്‍ ആറു ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ഡിസംബറില്‍ 19,252 സര്‍വിസുകള്‍ ഹമദ് വിമാനത്താവളത്തില്‍ നിന്നു നടത്തിയത്.
രാജ്യത്തെ ജനസംഖ്യ 2015 ഡിസംബറില്‍ 24.2 ലക്ഷമായെന്നും 2014 ഡിസംബറില്‍ 22.3 ലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യയെന്നും ബുള്ളറ്റിനിലുണ്ട്. ജനസംഖ്യയില്‍ 8.3 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണുള്ളത്. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിലെ പുരോഗതി മനസ്സിലാക്കുകയാണ് ബുള്ളറ്റിലൂടെ ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Latest