യമനില്‍ തട്ടിക്കൊണ്ടുപോയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ മോചിതരായി

Posted on: January 29, 2016 6:31 pm | Last updated: January 29, 2016 at 6:31 pm
SHARE
ഹാമിദ് അല്‍ ബൊകൈറി
ഹാമിദ് അല്‍ ബൊകൈറി

ദോഹ: യമനില്‍ പത്ത് ദിവസം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ മോചിതരായി. ലേഖകന്‍ ഹാമിദ് അല്‍ ബൊകൈറി, കാമറാമാന്‍ അബ്ദുല്‍ അസീസ് അല്‍ സബ്‌രി, ഡ്രൈവര്‍ മുനീര്‍ അല്‍ സബായ് എന്നിവരെയാണ് വിട്ടയച്ചത്. ഉപരോധിക്കപ്പെട്ട നഗരമായ തായ്‌സില്‍ അല്‍ ജസീറ അറബിക്ക് വേണ്ടി ഷൂട്ടിംഗ് നടത്തുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇവരെ തട്ടിക്കൊണ്ടുപോയവരെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും ഹൂതി വിമതരാകാമെന്നാണ് തന്റെ സംശയമെന്ന് മോചനത്തിന് ശേഷം ഹംദി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തലസ്ഥാനമായ സന അടക്കമുള്ള വടക്കന്‍ യമന്റെ വലിയ ഭാഗം ഹൂതികളുടെ കൈവശമാണ്. സെന്‍ട്രല്‍ യമനിലെ തന്ത്രപ്രധാന നഗരം പിടിച്ചടക്കുന്നതില്‍ നിന്ന് അറബ് സഖ്യസേനയെ തടയുകയാണ് ഇവരിപ്പോള്‍. തായിസ് നഗരവുമായി ബന്ധപ്പെട്ട് പോരാട്ടത്തില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഏദന്‍ തുറമുഖവും രാജ്യത്തിന്റെ തെക്കുഭാഗവും കീഴടക്കിയ ശേഷമായിരുന്നു ഹൂത്തികള്‍ തായിസ് ലക്ഷ്യമാക്കിയത്. എന്നാല്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ്- മുസ്‌ലിം സഖ്യസേന മുന്നേറ്റത്തിന് തടയിട്ടു. തായിസ് പൂര്‍ണമായി സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ നിയന്ത്രണത്തിലായാല്‍ സനയില്‍ മുന്നേറ്റം നടത്തി ഒടുവില്‍ ഹൂതി ശക്തികേന്ദ്രങ്ങളില്‍ ആധിപത്യം നേടാന്‍ സാധിക്കും. അതേസമയം, തായിസ് നഗരത്തിലെ ഉപരോധം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്, ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് വിരളമായി. ഭക്ഷ്യസാധനങ്ങളുടെ വിതരണം മന്ദഗതിയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള രാഷ്ട്രമാണ് യമനെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. 17 മാധ്യമപ്രവര്‍ത്തകരാണ് സായുധ സംഘങ്ങളുടെ പിടിയിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here