Connect with us

Gulf

ദൈര്‍ഘ്യമേറിയ സര്‍വീസിന് ഖത്വര്‍ എയര്‍വേയ്‌സ്‌

Published

|

Last Updated

ദോഹ: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നേരിട്ടുള്ള വിമാന സര്‍വീസിന് ഖത്വര്‍ എയര്‍വേയ്‌സ്. 9034 മൈല്‍ ദൂരമുള്ള ദോഹ- ഓക്ക്‌ലാന്‍ഡ് സര്‍വീസാണിത്. നിലവിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സര്‍വീസ് ഖന്‍താസിന്റെ ദല്ലാസ്- സിഡ്‌നി സര്‍വീസ് ആണ്. 500 മൈല്‍ ആണ് ഇതിനുള്ളത്. ഈ വര്‍ഷം 30 പുതിയ വിമാനങ്ങളാണ് ഖത്വര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുക.
ദോഹയില്‍ നിന്ന് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലേക്കുള്ള ഈ സര്‍വീസിന്റെ സമയം 18 മണിക്കൂറും 34 മിനുട്ടുമാണ്. ദോഹയില്‍ നിന്ന് ചിലിയിലെ സാന്റിയാഗോ (8956 മൈല്‍), മൊറോക്കോയിലെ മറാക്കിഷ്, പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍, തായ്‌ലാന്‍ഡിലെ ഫുക്കെത് തുടങ്ങിയ പുതിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഇവകളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ആസ്‌ത്രേലിയന്‍ എയര്‍ലൈന്‍സായ ഖന്‍താസിന്റെ ദല്ലാസ്- സിഡ്‌നി സര്‍വീസിന് 16 മണിക്കൂറും 55 മിനുട്ടുമാണ് എടുക്കുക. അതേസമയം മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുന്ന ദുബൈ- പനാമ സിറ്റി സര്‍വീസോടെ കൂടുതല്‍ ദൂരമുള്ള സര്‍വീസെന്ന റെക്കോര്‍ഡ് എമിറേറ്റ്‌സ് സ്വന്തമാക്കും. 8595 മൈല്‍ ദൂരം 17 മണിക്കൂറും 41 മിനുട്ടും കൊണ്ടാണ് എമിറേറ്റ്‌സ് വിമാനം എത്തുക. ഓക്‌ലാന്‍ഡ് സര്‍വീസ് ലഭിച്ചാല്‍ ഖത്വര്‍ എയര്‍വേയ്‌സിന് ആകും ഈ റെക്കോര്‍ഡ്. അതിനിടെ 2013 നവംബറില്‍ അവസാനിപ്പിച്ച ന്യൂയോര്‍ക്ക്- സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 9535 മൈല്‍ ദൂരമുള്ള ഈ സര്‍വീസിന് 18 മണിക്കൂറും 50 മിനുട്ടും ആണ് എടുക്കുക. 2018ഓടെ സര്‍വീസ് പുനരാരംഭിക്കാനാണ് നീക്കം.
ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് ലഭ്യമാക്കാനാണ് പുതിയ 31 വിമാനങ്ങള്‍ വാങ്ങുന്നതെന്ന് അല്‍ ബാകിര്‍ പറഞ്ഞു. നിലവില്‍ എയര്‍ബസ് എ320 ലഭ്യാക്കുന്നത് വൈകിയിട്ടുണ്ട്. രണ്ടെണ്ണം ഈ വര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 324 വിമാനങ്ങളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 187 എണ്ണം എയര്‍ബസും 137 എണ്ണം ബോയിംഗുമാണ് നല്‍കുക. രണ്ട് എ380 വിമാനങ്ങള്‍ ഈ വര്‍ഷം ഡിസംബറിലും അടുത്ത വര്‍ഷം ജനുവരിയിലുമായി ലഭിക്കും. റൂട്ട് വികസനത്തില്‍ വര്‍ഷാവര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് ഖത്വര്‍ എയര്‍വേയ്‌സ് നേടിയത്. 158 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം എത്രയോ ഇരട്ടി വര്‍ധിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കെയാണിത്.
ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് സ്ഥലം അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, നിലവിലുള്ള വണ്‍വേള്‍ഡ് സംവിധാനം ഭീഷണിയല്ലെന്നും യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പങ്കാളിത്തമാണ്. പക്ഷെ ചിലര്‍ പങ്കാളിത്തം ആഗ്രഹിക്കുന്നില്ല. വണ്‍വേള്‍ഡ് സഖ്യത്തിന് ഖത്വര്‍ എയര്‍വേയസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഏകദിശയിലേക്കുള്ള തെരുവ് രണ്ട് ദിശയിലേക്കുമാകണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. ഇന്ത്യയുടെ ഇന്‍ഡിഗോ, മൊറോക്കോയുടെ റോയല്‍ എയര്‍ മറോക് കമ്പനികളുമായി സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാനാകുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയില്‍ ചെലവുകുറഞ്ഞ യാത്ര നടത്താന്‍ രൂപവത്കരിച്ച ഖത്വര്‍ എയര്‍വേയ്‌സിന്റെ ഉപകമ്പനി അല്‍ മഹ എയര്‍വേയ്‌സ് ചില പ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് സര്‍വീസ് ആരംഭിക്കാത്തതെന്നും ഇവ ഉടനെ പരിഹരിക്കുമെന്നും അല്‍ ബാകിര്‍ പറഞ്ഞു. ഖത്വറിന്റെ ഔദ്യോഗിക ലോഗോയായ ഒറിക്‌സ് ജീവിയുടെ അറബിയാണ് അല്‍ മഹ. മറൂണ്‍ നിറത്തിന് പകരം പച്ചയാണ് ഇതിനുണ്ടാകുക.

Latest