ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു: സരിത

Posted on: January 29, 2016 12:22 pm | Last updated: January 30, 2016 at 1:40 pm

sarithaകൊച്ചി: മുഖ്യമന്ത്രിയ്ക്കും മകനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സരിത. മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് സോളാര്‍ കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടുവെന്ന് സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സരിത കമ്മീഷനില്‍ മൊഴി നല്‍കുന്നത്. ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും സരിത പറഞ്ഞു.

സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയുമായി ചാണ്ടി ഉമ്മനു അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഈ സ്ത്രിയുടെ പേര് സരിത വെളിപ്പെടുത്താന്‍ സരിത തയ്യാറായില്ല. ഇവര്‍ ദുബായില്‍ ഒരുമിച്ചു കഴിഞ്ഞതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിനു ലഭിച്ചുവെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇവ കൈക്കലാക്കിയെന്നും സരിത മൊഴി നല്‍കി. മന്ത്രിസഭാ പുനസംഘടന വേളയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചുവെന്നും സരിത കമ്മീഷനോട് വെളിപ്പെടുത്തി.

യുഎസ് കമ്പനിയുമായി ധാരണയുണ്ടാക്കാന്‍ ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടുവെന്നും ക്ലിഫ് ഹൗസില്‍ വെച്ച് അദ്ദേഹത്തെ കണ്ടെന്നും സരിത കമ്മീഷനു മുന്‍പാകെ പറഞ്ഞു. അനര്‍ട്ടില്‍ നിന്നുള്ള കുടിശ്ശിക നേടിത്തരാന്‍ മുഖ്യമന്ത്രിയും ആര്യാടനും സഹായിച്ചു. ഇതിന്റെ രേഖകള്‍ അനര്‍ട്ടിലുണ്ടാവുമെന്നും ഉന്നതരുമായുള്ള അവിഹിത ബന്ധമുണ്ടെന്ന ആരോപണം തന്നെ വേദനിപ്പിച്ചുവെന്നും സരിത കമ്മീഷനു മുന്‍പാകെ പറഞ്ഞു. സരിതയുടെ ഇന്നത്തെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ച മൊഴിയെടുപ്പ് വീണ്ടും തുടരും.