Connect with us

International

80,000ത്തോളം അഭയാര്‍ഥികളെ സ്വീഡന്‍ പുറത്താക്കുന്നു

Published

|

Last Updated

സ്റ്റോക്‌ഹോം: 80,000ത്തോളം വരുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സ്വീഡന്‍ അധികൃതര്‍ പുറത്താക്കുന്നു. 2015ല്‍ അഭയം തേടിയെത്തിയവരെയാണ് പുറത്താക്കുന്നത്. അഭയം തേടിയെത്തിയവര്‍ നല്‍കിയവരുടെ അപേക്ഷകള്‍ സ്വീഡന്‍ തള്ളിക്കളയുകയും ചെയ്തു. 60,000ത്തോളം പേരെ, ചിലപ്പോഴത് 80,000 മുകളില്‍ വരെ ആകാം, പുറത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്വീഡന്‍ ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്ന വകുപ്പിനോടും പോലീസിനോടും ഇവരെ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 1,60,000ത്തിലധികം പേരെ ഈ രാജ്യം അഭയാര്‍ഥികളായി സ്വീകരിച്ചിരുന്നു. 98 ലക്ഷത്തോളം ജനസംഖ്യയുള്ള ഈ യൂറോപ്യന്‍ രാജ്യം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട്.

ഈ മാസം നാല് മുതല്‍ സ്വീഡന്‍ അഭയാര്‍ഥികളുടെ വിഷയത്തിലെടുത്ത പുതിയ നടപടികള്‍ രാജ്യത്തേക്ക് വരുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്തി. സ്വീഡന്റെ പുതിയ പ്രഖ്യാപനത്തെ യൂറോപ്യന്‍ യൂനിയന്‍ പിന്തുണച്ച് രംഗത്തെത്തി. അഭയം കിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്ക് അഭയം നല്‍കാന്‍ ബാധ്യതയുള്ള നിരവധി രാഷ്ട്രങ്ങള്‍ ഇനിയുമുണ്ടെന്നും അവരെല്ലാം മുന്നോട്ടുവരണമെന്നുമായിരുന്നു യൂറോപ്യന്‍ യൂനിയന്‍ വക്താവിന്റെ പ്രതികരണം.
ശക്തമായ പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് ഇപ്പോഴും ഗ്രീസിലെത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനാകാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സ്വീഡന്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 46,000 പേര്‍ ഗ്രീസിലെത്തിയതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നു. 170 അഭയാര്‍ഥികള്‍ വിവിധ അപകടങ്ങളിലായി കൊല്ലപ്പെടുകയും ചെയ്തു. തിങ്ങിനിറഞ്ഞ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞ ദിവസം സ്വീഡന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

Latest