Connect with us

International

ഗ്രീസില്‍ ബോട്ട് മുങ്ങി 18 കുട്ടികള്‍ ഉള്‍പ്പെടെ 24 അഭയാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

ഏഥന്‍സ്: ഈജിയന്‍ സമുദ്രത്തില്‍ അഭയാര്‍ഥികളുമായി വന്ന ബോട്ട് മറിഞ്ഞ് 18 കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം. യൂറോപ്പിലെത്താന്‍ ശ്രമിക്കുന്നതിനിടെ അഭയാര്‍ഥികള്‍ അപകടത്തിനിരയാകുന്നത് ഇവിടെ പതിവാണ്. 13 ആണ്‍കുട്ടികളുടെയും അഞ്ച് പെണ്‍കുട്ടികളുടെയും മറ്റു ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയതായി ഗ്രീക്ക് തീരസംരക്ഷണ സേന അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ച് പേര്‍ തകര്‍ന്ന ബോട്ടിലെ ഒരു മരക്കഷണത്തില്‍ പിടിച്ചുകിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബോട്ടില്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമായി അറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ വര്‍ഷം അഭയം തേടിയുള്ള യാത്രക്കിടെ ഇതുവരെ മരിച്ചവരുടെ എണ്ണം 170 ആയി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് ഈ സംഭവം.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ തീരത്തെത്തി അധികൃതരെ അറിയിക്കുമ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്. രക്ഷപ്പെട്ടവര്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകാത്തതു കൊണ്ട് എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രക്ഷപ്പെട്ടവരുടെയോ മരിച്ചവരുടെയോ രാജ്യമേതാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗ്രീക്ക് തീരസംരക്ഷണ സേനയുടെ ഹെലികോപ്ടറും പെട്രോള്‍ ബോട്ടും യൂറോപ്യന്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ മറ്റൊരു രക്ഷാവാഹനവും പങ്കെടുക്കുന്നുണ്ട്.
കാലാവസ്ഥാ ഘടകങ്ങള്‍ പ്രതികൂലമായിട്ട് പോലും ദിനംപ്രതി മൂവായിരത്തോളം അഭയാര്‍ഥികള്‍ അപകടകരമായ ബോട്ട് യാത്ര നടത്തി ഗ്രീക്ക് സമുദ്ര തീരത്ത് എത്തുന്നതായാണ് കണക്ക്.

---- facebook comment plugin here -----

Latest