ഇന്ത്യക്ക് വിജയത്തുടക്കം

Posted on: January 29, 2016 12:45 am | Last updated: January 29, 2016 at 12:49 am
SHARE

UNDER19 T20മിര്‍പുര്‍: ഐ സി സി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. അയര്‍ലന്‍ഡിനെ 79 റണ്‍സിന് തോല്‍പ്പിച്ചു. സര്‍ഫറാസ് ഖാന്റെ(74)യും വാഷിംഗ്ടണ്‍ സുന്ദറി(62)ന്റെയും അര്‍ധസെഞ്ച്വറികള്‍ ഇന്ത്യന്‍ ജയത്തിന് അടിത്തറയേകി. സ്‌കോര്‍ : ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 268. അയര്‍ലന്‍ഡ് 49.1 ഓവറില്‍ 189ന് ആള്‍ ഔട്ട്.
ടോസ് ജയിച്ച അയര്‍ലന്‍ഡ് ഇന്ത്യയെ ക്രീസിലേക്കയച്ചു. ഐറിഷ് ക്യാപ്റ്റന്‍ ജാക് ടെക്ടറുടെ തീരുമാനം ശരിവെക്കും വിധം ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ 55ന് നാല് വിക്കറ്റെന്ന നിലയിലേക്ക് മൂക്കുകുത്തി.
ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ പൂജ്യത്തിന് മടങ്ങി. വിക്കറ്റ് കീപ്പര്‍ റിഷാബ് പന്ദ് 22 പന്തുകള്‍ നേരിട്ട് ആറ് റണ്‍സിന് പുറത്തായി. റിക്കി ഭുയി (39), അര്‍മാന്‍ ജാഫര്‍ (4) എന്നിവരും പുറത്തായതോടെ ഇന്ത്യ അട്ടിമറി ഭയന്നു.
അഞ്ചാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനും വാഷിംഗ്ടണ്‍ സുന്ദറും പൊരുതാനുറച്ചതോടെ ഇന്ത്യ പ്രതിസന്ധി തരണം ചെയ്തു. 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവരുണ്ടാക്കിയത്. ടീം സ്‌കോര്‍ 165 ലെത്തിയപ്പോള്‍ സര്‍ഫറാസ് ഖാനാണ് പുറത്തായത്. 70 പന്തില്‍ 74 റണ്‍സെടുത്ത സര്‍ഫറാസ് ടെക്ടറിനെ കയറിയടിക്കാനുള്ള ശ്രമത്തില്‍ സ്റ്റംപ്ഡ് ആവുകയായിരുന്നു. ഏഴ് ഫോറുകള്‍ സര്‍ഫറാസിന്റെ ഇന്നിംഗ്‌സിലുള്‍പ്പെടുന്നു.
36 പന്തുകളില്‍ 36 റണ്‍സടിച്ച സീഷാന്‍ അന്‍സാരിയുടെ വെടിക്കെട്ട് ബാറ്റിംഗ് അവസാന ഓവറുകളില്‍ സ്‌കോറിംഗിന് വേഗം കൂട്ടി. അയര്‍ലന്‍ഡിനായി ജോഷ്വ ലിറ്റേഴ്‌സും റോറി ആന്‍ഡേഴ്‌സും മൂന്ന് വിക്കറ്റ് വീതം നേടി.
ഐറിഷ് ചേസിംഗില്‍ ലോസന്‍ ടക്കറും (57) വില്യം മാക്‌ലിന്റോകും (58) അര്‍ധസെഞ്ച്വറി നേടി. ഇന്ത്യക്കായി രാഹുല്‍ ബാഥം മൂന്ന് വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here