അനധികൃത സ്വത്ത് സമ്പാദനം; രണ്ട് മേജര്‍ ജനറല്‍മാര്‍ക്കെതിരെ സി ബി ഐ അന്വേഷണം

Posted on: January 29, 2016 12:06 am | Last updated: January 29, 2016 at 12:06 am

cbiന്യൂഡല്‍ഹി: വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം നേരിടുന്ന രണ്ട് മേജര്‍ ജനറല്‍മാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രാലയം സി ബി ഐയോട് ആവശ്യപ്പെട്ടു. ആരോപണത്തെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരുടെ ജോലിക്കയറ്റം സെപ്തംബര്‍ മുതല്‍ പ്രതിരോധ മന്ത്രാലയം തടഞ്ഞുവെച്ചിരിക്കുകയാണ്.
സൈന്യത്തിലെ അഴിമതി വെച്ച് പൊറുപ്പിക്കാനാകില്ലെന്നും മേജര്‍ ജനറല്‍മാര്‍ക്കെതിരായ പരാതി സി ബി ഐക്ക് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് സി ബി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ലഫെ്റ്റനന്റ് ജനറല്‍മാരുടെ ഒഴിവ് നികത്താനായി കഴിഞ്ഞ വര്‍ഷം സ്‌പെഷ്യല്‍ ബോര്‍ഡ് ഓഫ് ദി ആര്‍മി കഴിഞ്ഞ വര്‍ഷം യോഗം ചേര്‍ന്നിരുന്നു. മൂന്ന് ഒഴിവുകള്‍ക്കായി 33 ഉദ്യോഗസ്ഥരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്ന് അന്തിമ പരിണനക്കുള്ള പട്ടിക ബോര്‍ഡ് പ്രതിരോധ മന്ത്രാലയത്തിന് അയച്ചു കൊടുത്തു.
എന്നാല്‍, ഈ പട്ടിക തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യാപക പരാതിയുയര്‍ന്നു. തുടര്‍ന്ന് ഏതാനും ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശം പരസ്യമായി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിരോധ മന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. ഈ പരിശോധനയിലാണ് രണ്ട് മേജര്‍ ജനറല്‍മാര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചത്. ഇവരിലൊരാളുടെ പേരില്‍ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് തെളിവുകള്‍ ശേഖരിക്കാന്‍ സി ബി ഐക്ക് സാധിച്ചിരുന്നില്ല.