Connect with us

Kerala

30 പേജുള്ള കത്ത് നാല് പേജായി ചുരുങ്ങിയത് മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന്: സരിത

Published

|

Last Updated

കൊച്ചി:പോലീസ് കസ്റ്റഡിയിലിരിക്കെ താന്‍ എഴുതിയ 30 പേജുള്ള വിവാദ കത്ത് കോടതിയില്‍ ഹാജരാക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബെന്നി ബഹന്നാന്‍ എം ല്‍ എ, മുന്‍ എം എല്‍ എ തമ്പാനൂര്‍ രവി എന്നിവര്‍ തന്റെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും കൊടുത്ത പണം തിരിച്ചുതരാമെന്ന് ഉറപ്പു നല്‍കിയെന്നും സരിത എസ് നായര്‍. ഇവരുടെ വാക്ക് വിശ്വസിച്ചാണ് 30 പേജുള്ള വിവാദ കത്തിന് പകരം താന്‍ നാല് പേജുള്ള പുതിയ കത്തെഴുതി കോടതിയില്‍ നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും സ്ഥിരമായി പറഞ്ഞു തന്നിരുന്നു. ഇവരുടെ ഇടപെടലുകള്‍ വ്യക്തമാക്കുന്ന ഒട്ടേറെ സാക്ഷികളെയും രേഖകളും തനിക്ക് ഹാജരാക്കാന്‍ സാധിക്കുമെന്ന് സരിത പറഞ്ഞു.

2013 ജൂലൈ മാസം എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച പ്രൊഡക് ഷന്‍ വാറണ്ടില്‍ പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ കസ്റ്റഡിയിലിരിക്കെയാണ് 30 പുറങ്ങളിലായി അഡ്വക്കറ്റിന്റെ അറിവിലേക്ക് ഇപ്പോള്‍ വിവാദമായിരിക്കുന്ന കത്ത് എഴുതുന്നത്. ജൂലൈ 20ന് വീണ്ടും എ സി ജെ എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കത്ത് തന്റെ വസ്ത്രത്തിനൊപ്പം വെച്ചിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജയിലിലേക്ക് തിരികെയെത്തിച്ച സമയത്ത് വനിതാ വാര്‍ഡന്‍മാര്‍ ദേഹപരിശോധന നടത്തുമ്പോള്‍ ഈ പേപ്പറുകള്‍ കണ്ടെടുത്തുവെങ്കിലും അഡ്വക്കറ്റിന് കൊടുക്കാനുള്ളതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ഫെനി ബാലകൃഷ്ണനോട് കെ ബി ഗണേഷ്‌കുമാറിന്റെ പി എ പ്രദീപ്കുമാറിനെയും കൊണ്ട് ജയിലില്‍ വരണമെന്നും താന്‍ തരുന്ന കത്ത് ഹൈക്കോടതി അഡ്വക്കറ്റായ എസ് രാജീവിനെ ഏല്‍പ്പിക്കണമെന്നും കോടതിയില്‍ വെച്ച് പറഞ്ഞിരുന്നു. ആ ദിവസങ്ങളില്‍ തന്നെ കാണാന്‍ അമ്മയും ഗണേഷ്‌കുമാറിന്റെ പി എ ആയ പ്രദീപ് കുമാറും വന്നു. സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് അവരെ കാണാന്‍ അവസരം ലഭിച്ചത്. അമ്മയെ മാറ്റി നിര്‍ത്തിയ ശേഷമാണ് പ്രദീപ്കുമാര്‍ എന്നോട് സംസാരിച്ചത്. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് താന്‍ ഒരു റിസ്‌കെടുത്ത് ഇവിടെ വന്നതെന്നും നഷ്ടം സംഭവിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ശരിയാക്കി തരാമെന്നും അവര്‍ വാങ്ങിയ പണം തിരികെ കിട്ടുകയും കേസുകള്‍ തീര്‍ക്കുകയും ചെയ്താല്‍ പോരെ എന്നും തന്നോട് ചോദിച്ചു. ഇത്രയും നാളും പണം തിരികെ തരാത്തവരാണോ ഇങ്ങനെ ഒരവസ്ഥയില്‍ എത്തിച്ച ശേഷം ഇനി രക്ഷിക്കാന്‍ പോകുന്നത് എന്ന് താന്‍ ചോദിച്ചു. ഇത് മറ്റാരും പറയുന്ന കാര്യമല്ല, നമ്മുടെ എം എല്‍ എ ഗണേഷ്‌കുമാറിനോടും ബാലകൃഷ്ണപിള്ള സാറിനോടും നേരിട്ട് സമ്മതിച്ച ഒരു കാര്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാന്‍ പറ്റുമോ എന്ന് പ്രദീപ്കുമാര്‍ ചോദിച്ചു.
തുടര്‍ന്ന് പുറത്തു നിന്ന അമ്മയുമായി താന്‍ സംസാരിച്ചപ്പോള്‍ അമ്മയോട് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് സമ്മതിച്ചു. ഏകദേശം 40 മിനിറ്റോളം പ്രദീപ്കുമാറുമായും അമ്മയുമായും സംസാരിച്ച ശേഷമാണ് വസ്തുതകള്‍ ഒഴിവാക്കി നാല് പേജുള്ള പരാതി മാത്രമായി എഴുതി എറണാകുളം എ സി ജെ എമ്മിന് സൂപ്രണ്ട് മുഖേന സമര്‍പ്പിച്ചത്. ആ പരാതികളിന്മേലുള്ള തുടര്‍ നടപടികള്‍ എന്തായി എന്ന് തനിക്ക് അറിയില്ല. അച്ചടി ദൃശ്യമാധ്യമങ്ങളില്‍ തന്റെ മൊഴി മാറ്റത്തെ ചൊല്ലി ധാരാളം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോടികളുടെ കച്ചവടം അതില്‍ ആരോപിച്ചിരുന്നു. എന്നാല്‍ വാക്കുപറഞ്ഞതല്ലാതെ ഒരു ഉറപ്പും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. ജയിലില്‍ വെച്ച് നല്‍കിയ ഉറപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ നാളെയാകട്ടെ ഞങ്ങളത് ചര്‍ച്ചക്ക് എടുത്തിട്ടുണ്ട്, വലിയ ആളുമായി സംസാരിച്ച് ഉടന്‍ തന്നെ ശരിയാക്കാം എന്ന സ്ഥിരം മറുപടിയാണ് കിട്ടിക്കൊണ്ടിരുന്നത്. അവരുടെ വാക്ക് വിശ്വസിച്ച് എടുത്ത നിലപാടുകളില്‍ നിന്ന് മാറി മാറി സംസാരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ മുന്നിലോ കോടതികളിലോ സത്യം വെളിപ്പെടുത്താനാകുമായിരുന്ന അവസരങ്ങളും മാര്‍ഗങ്ങളും തനിക്ക് ഉപയോഗിക്കാന്‍ കഴിയാതെ പോയതെന്നും സരിത മൊഴി നല്‍കി. മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും സരിത വെളിപ്പെടുത്തി. ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും അവിടെ വെച്ച് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്നതായതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സരിത കമ്മീഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

Latest