Connect with us

Articles

മുള്‍മുനയില്‍ മുഖ്യമന്ത്രി

Published

|

Last Updated

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ ഇടണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മുള്‍മുനയിലാണ് രാഷ്ട്രീയ കേരളം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉമ്മന്‍ചാണ്ടി അഭിമുഖീകരിക്കുന്നത്. സമീപകാല രാഷ്ട്രീയത്തില്‍ ഇങ്ങനെയൊരു കലുഷിതാവസ്ഥയുണ്ടായിട്ടില്ല. ഭരണത്തുടര്‍ച്ചയെന്ന യു ഡി എഫിന്റെ വലിയ സ്വപ്‌നത്തിന് മേല്‍ ആരോപണങ്ങള്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ കേരള രാഷ്ട്രീയം അക്ഷരാര്‍ഥത്തില്‍ കലങ്ങിമറിയുകയാണ്. ബാര്‍ കോഴയില്‍ രണ്ട് മന്ത്രിമാര്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഇടിത്തീ പോലെ സോളാര്‍ വീണ്ടും പൊട്ടിത്തെറിക്കുന്നത്. കൂനിമേല്‍ കുരു പോലെ ഭരണപക്ഷത്ത് നിന്ന് ഒരു എം എല്‍ എയെ നഷ്ടപ്പെടുകയും ചെയ്തു ഇന്നലെ.
ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ ചില അപ്രതീക്ഷിത വെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 1.90 കോടി രൂപ കോഴ നല്‍കിയെന്ന മൊഴി സര്‍ക്കാറിനെ വീഴ്ത്താന്‍ തക്ക പ്രഹര ശേഷിയുള്ളതാണ്. ആര്യാടന്‍ മുഹമ്മദിനെതിരെയും ആരോപണമുണ്ടെങ്കിലും പ്രതിഷേധം കേന്ദ്രീകരിച്ചിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ തന്നെ.
ധാര്‍മികം, നിയമപരം, കീഴ്‌വഴക്കം എന്നീ മൂന്ന് നിലകളില്‍ പരിശോധിച്ചാലും മുഖ്യമന്ത്രിക്ക് പദവിയില്‍ തുടരുക ദുഷ്‌കരമാണ്. എന്നാല്‍, പറഞ്ഞത് മാറ്റി പറയുന്ന സരിതയാണ് മൊഴി നല്‍കിയിരിക്കുന്നത് എന്നതില്‍ മാത്രമാണ് പ്രതിരോധമുള്ളത്. അപ്പോഴും തമ്പാനൂര്‍ രവി സരിതയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം ഈ സാധ്യതയെ തല്ലിക്കെടുത്തുന്നു. അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ നിയമപരമായ വഴികള്‍ തേടുകയാണ് സര്‍ക്കാറും മുഖ്യമന്ത്രിയും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്ന നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടുമാസ കാലാവധി പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തീരുമാനമെന്ന് സാരം.
അപ്പോഴും ചില മുന്‍കീഴ്‌വഴക്കങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും അനുസ്മരിക്കാതെ വയ്യ. കെ ബാബുവും കെ എം മാണിയും എന്തിന് രാജി വെച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഉമ്മന്‍ ചാണ്ടിയുടെ ആദ്യമന്ത്രിസഭയില്‍ നിന്ന് കെ പി വിശ്വനാഥന്‍ ആര്‍ക്ക് വേണ്ടിയാണ് രാജിവെച്ചത്? വിശ്വനാഥന്റെ രാജി സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മന്‍ ചാണ്ടി തന്നെ പിന്നീട് കുമ്പസരിച്ചിട്ടുമുണ്ട്.
ഹൈക്കോടതിയില്‍ നിന്നുണ്ടായ ഒരു പരാമര്‍ശമാണ് കെ എം മാണിയുടെ സ്ഥാനം തെറിപ്പിച്ചത്. അന്വേഷണം നടക്കുമ്പോള്‍ എങ്ങനെ പദവിയില്‍ ഇരിക്കും? സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം. ജസ്റ്റിസ് കമാല്‍ പാഷയുടെ ഈയൊരു പരാമര്‍ശത്തെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെയാണെങ്കിലും മാണിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ബാര്‍ കോഴയില്‍ കെ ബാബുവിനെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് വന്നതോടെ അദ്ദേഹവും സ്ഥാനമൊഴിഞ്ഞു. സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങില്ലെന്ന വാദം ഉയര്‍ത്തിക്കൊണ്ട്. ബാബുവിന്റെ രാജി സ്വീകരിക്കാതെ അദ്ദേഹത്തിനെതിരായ ഉത്തരവിന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഓഫീസ് ഒഴിഞ്ഞ് ജീവനക്കാരുടെ യാത്രയയപ്പും സ്വീകരിച്ചെങ്കിലും ഇനിയും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
1996 ജനുവരി ഏഴിന് ആലപ്പുഴയില്‍ നടന്ന കോണ്‍ഗ്രസിലെ കരുണാകര വിരുദ്ധരുടെ റാലിയില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ഒരു പ്രസംഗമുണ്ട്. യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ ഉമ്മന്‍ചാണ്ടിയുടെ ഈ വാക്കുകള്‍ ഇപ്പോഴും കേള്‍ക്കാനാകും. “”മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്തെ ഒരു കൊച്ചു കുഞ്ഞു പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഈ വിഴുപ്പ് പേറാന്‍ കോണ്‍ഗ്രസിലെ മറ്റാരേയും കിട്ടില്ല. ഇത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. ഇന്നത്തെ നിലയില്‍ രമണ്‍ ശ്രീവാസ്തവക്കെതിരെ നടപടി എടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. ആ നിലക്ക് മുഖ്യമന്ത്രി രാജി വെക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷക്ക് നല്ലത്.”” ഐ എസ് ആര്‍ ഒ ചാരക്കേസായിരുന്നു കഥാസന്ദര്‍ഭം. പിന്നീട് വെറും ചാരമായി മാറിയ കേസ്.
ഇതുമായി താരതമ്യപ്പെടുത്തിയാല്‍ സ്ഥിതി ഗുരുതരമാണ്. സാഹചര്യവും വ്യത്യസ്തം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇടക്കിടെ നടത്തിയിരുന്ന സരിതയുടെ വെളിപ്പെടുത്തല്‍ പോലെയല്ല കാര്യങ്ങള്‍. മുഖ്യമന്ത്രിക്ക് 1.90 കോടി രൂപ കോഴ നല്‍കിയെന്ന് മൊഴി നല്‍കിയിരിക്കുന്നത് ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ്. നിയമപരമായി അധികാരങ്ങള്‍ ഏറെയുണ്ട് ഈ വസ്തുതാന്വേഷണ കമ്മീഷന്. അവിടെയാണ് സരിത എസ് നായര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
സരിതയുടെ ഈ മൊഴി ആധാരമാക്കിയാണ് വിജിലന്‍സ് കോടതിയില്‍ ഹരജിയെത്തുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. ഇതേ കോടതിയില്‍ നിന്ന് കെ ബാബുവിനെതിരായി വന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും ഇങ്ങനെയൊരു ആനുകൂല്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടിലും ഇക്കാര്യം വ്യക്തം. കെ ബാബുവിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷകളെല്ലാം. തിടുക്കപ്പെട്ടുള്ള നടപടിയെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിനെ കുറിച്ച ഹൈക്കോടതി പരാമര്‍ശം. സോളാര്‍ കമ്പനിയുടെ പേരില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും നടത്തിയത് വലിയൊരു തട്ടിപ്പായിരുന്നുവെന്നതില്‍ ഇനി ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. സരിതക്കെതിരെ ഒന്നും മിണ്ടാതിരുന്ന കോണ്‍ഗ്രസുകാര്‍ ഇതൊരു തട്ടിപ്പ് കമ്പനിയാണെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചത് വലിയ കാര്യം.
പ്രതിസന്ധികള്‍ മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അത്യാവശ്യം വേണ്ട മിടുക്ക് ഉണ്ട്. പക്ഷേ, ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് പഴയ ശക്തിയില്ലെന്നതാണ് പ്രശ്‌നം. തന്ത്രങ്ങള്‍ പാകപ്പെടുത്താന്‍ അണിയറയില്‍ ആരുമില്ല. ഗ്രൂപ്പിലെ പ്രമുഖന്‍ ആര്യാടന്‍ മുഹമ്മദിന് മന്ത്രിയായതിന് ശേഷം പഴയത് പോലെ ഗ്രൂപ്പ് താത്പര്യമില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പഴയത് പോലെ ചാവേര്‍ വേഷം കെട്ടാറില്ല. ഉണ്ടായിരുന്ന കെ ബാബു ബാര്‍ കോഴയില്‍ പെട്ടു. പിന്നെയുള്ളത് കെ സി ജോസഫാണ്. പുറത്തെ പ്രമുഖര്‍ ബെന്നി ബഹ്‌നാനും തമ്പാനൂര്‍ രവിയും പി സി വിഷ്ണുനാഥും സരിതയുടെ മൊഴിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
പുതിയ സാഹചര്യത്തെ “ഗൂഢാലോചന” എന്ന ഒറ്റവാക്ക് കൊണ്ടാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇടക്കിടെ മൊഴി മാറ്റുന്ന സരിതയുടെ രീതിയെ ഇതിന് തെളിവായി ഉദ്ധരിക്കുന്നു. മൊഴിക്ക് പിന്നില്‍ ഗൂഢാലോചന ആരോപണം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി കെ സി ജോസഫ് തന്നെ ഉന്നയിച്ചതാണ്. എന്നാല്‍ തമ്പാനൂര്‍ രവിയാണ് ഈ പ്രതിരോധം ദുര്‍ബലമാക്കുന്നത്. അദ്ദേഹം പിന്നെയെന്തിന് സരിതയെ വിളിച്ചെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴിക്ക് സമാനമായി കാര്യങ്ങള്‍ പറയണമെന്നാണ് സരിതയെ ഫോണില്‍ വിളിച്ച് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ പുറത്ത് വരികയും ചെയ്തു.
മദ്യലോബിയാണ് എല്ലാറ്റിനും പിന്നിലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു പശ്ചാത്തലം വന്നതിന് പിന്നില്‍ മദ്യലോബിയെ സംശയിക്കുന്നത് സ്വാഭാവികം. മദ്യനയം മൂലം അവര്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതുവരെ മുഖ്യമന്ത്രിയെ സംരക്ഷിച്ച സരിതയുടെ മൊഴി ഇപ്പോള്‍ ഇങ്ങനെ വന്നതിന് പിന്നില്‍ മദ്യലോബികളാകും. പക്ഷെ, മൊഴിയില്‍ പറയുന്ന വസ്തുതകള്‍ തുറിച്ചുനോക്കുമ്പോള്‍ ആ പ്രതിരോധവും ദുര്‍ബലമാകുന്നു.

 

 

Latest