ജനറിക് മരുന്ന് പദ്ധതി ഫലപ്രദമാക്കണം

Posted on: January 29, 2016 6:05 am | Last updated: January 28, 2016 at 11:07 pm
SHARE

SIRAJ.......മരുന്നുകളുടെ ബ്രാന്‍ഡഡ് നാമങ്ങള്‍ക്ക് പകരം ഡോക്ടര്‍മാര്‍ രാസനാമം മാത്രമെഴുതണമെന്ന ജനറിക് മരുന്ന് പദ്ധതി സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനോട് വിശദീകരണം തേടിയിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ ജനറിക് നാമം ഉപയോഗിക്കണമെന്ന് നിയമസഭാ കമ്മിറ്റികളുടെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ പല ഡോക്ടര്‍മാരും ഇതിന് മടിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചു. ജനറിക് മരുന്നുകള്‍ എഴുതാത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സ് റെഗുലേഷന്റെ ഉത്തരവുമുണ്ട്. ഈ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി വിശദീകരണം തേടിയത്.
ബഹുരാഷ്ട്ര കമ്പനികള്‍ വിതരണം ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകളുടെ അതേ പ്രവര്‍ത്തനശേഷി ഉള്ളതും രാസപരമായും ഘടനാപരമായും തത്തുല്യമായതും അവയുടെ അതേ നിര്‍മാണ പ്രക്രിയ പിന്തുടരുന്നതുമാണ് ജനറിക് മരുന്നുകള്‍. ബ്രാന്‍ഡഡ് കമ്പനികള്‍ ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത മരുന്നുകള്‍ അവരുടെ 20 വര്‍ഷത്തെ പാറ്റന്റ് കാലാവധിക്ക് ശേഷം മറ്റു കമ്പനികള്‍ക്ക് നിര്‍മിക്കാന്‍ അനുമതിയുണ്ട്. ഇങ്ങനെ നിര്‍മിക്കുമ്പോള്‍ സ്വാഭാവികമായും ഉത്പാദനച്ചെലവ് കുറയുമെന്നതു കൊണ്ടാണ് ഇവക്ക് ബ്രാന്‍ഡഡ് മരുന്നുകളെ അപേക്ഷിച്ച് ഗണ്യമായി വില കുറയുന്നത്. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഇത്തരം മരുന്നുകള്‍ കുറിച്ചു കൊടുത്താല്‍ അവര്‍ക്ക് ചുരുങ്ങിയ വിലക്ക് മരുന്ന് വാങ്ങാം. കുതിച്ചുയരുന്ന ചികിത്സാ ചെലവില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. രോഗികള്‍ക്ക് പരമാവധി ജനറിക് മരുന്നുകള്‍ കുറിച്ചു കൊടുക്കണമെന്ന് 2013ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചത് ഈ ലക്ഷ്യത്തിലാണ്.
എന്നാല്‍, ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങി പല ഡോക്ടര്‍മാരും ഇത് ലംഘിച്ചു അത്തരം കമ്പനികളുടെ വില കൂടിയ മരുന്നുകള്‍ തന്നെയാണ് ഇപ്പോഴും നിര്‍ദേശിക്കുന്നത്. മെഡിക്കല്‍ റെപ്രസന്റേറ്റീവ് വഴി മരുന്നുകളെ പരിചയപ്പെടുത്തുന്നതിന് പുറമെ പാരിതോഷികങ്ങള്‍ നല്‍കിയുമാണ് കമ്പനികള്‍ ഡോക്ടര്‍മാരെ സ്വാധീനിക്കുന്നത്. ചെറിയ പാരിതോഷികങ്ങള്‍ മുതല്‍ വില കൂടിയ ഗൃഹോപകരണങ്ങളും, കാറുകളും വരെ നല്‍കുന്നുണ്ട് ചില കമ്പനികള്‍. മരുന്നിന്റെ എം ആര്‍ പി കൂട്ടിയെഴുതി അത് വഴി ലഭിക്കുന്ന കൊള്ളലാഭത്തിന്റെ ഒരു വിഹിതമാണ് ഇങ്ങനെ പങ്കുവെക്കുന്നത്. സംസ്ഥാനത്ത് 65,000 ബ്രാന്‍ഡുകളിലായി 4000 കോടി രൂപയുടെ മരുന്നുകള്‍ ഒരു വര്‍ഷം വിറ്റഴിക്കുന്നുണ്ട്. ഇതില്‍ ജനറിക് മരുന്നുകളുടെ വില്‍പ്പന വിഹിതം വെറും 200 കോടി മാത്രമാണെന്നറിയുമ്പോള്‍ കമ്പനികളും ഡോക്ടര്‍മാരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ആഴം വ്യക്തമാകും. ഈ നടപടി വിമര്‍ശ വിധേയമാകുമ്പോള്‍, ജനറിക് മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്നായിരിക്കും ഡോക്ടര്‍മാരുടെ മറുപടി. എന്നാല്‍ ഗുണഫലത്തില്‍ ബ്രാന്‍ഡഡ് കമ്പനികളുടേതിന് തുല്യമാണ് ഈ മരുന്നുകള്‍. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്ന് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ കമ്പനികളുടെ താത്പര്യം സംരക്ഷിക്കാന്‍ മാത്രമാണ്.
ജനറിക് മരുന്ന് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ജനറിക് മരുന്ന് വിതരണം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ നിസ്സഹകരണം മൂലം ഇത് പാളുകയായിരുന്നു. 2014 -15 വര്‍ഷഷത്തെ ബജറ്റില്‍ ഈയിനത്തിലേക്ക് 242 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ധനവകുപ്പ് അനുവദിച്ചത് 165 കോടി മാത്രം. 2015-16 ബജറ്റില്‍ 300 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കിട്ടിയത് 150 കോടിയാണ്. ഇതേതുടര്‍ന്ന് കോര്‍പ്പറേഷന്റെ മരുന്ന് വിതരണം നിലച്ചപ്പോള്‍ പ്രാദേശിക വിപണികളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കി. ഡോക്ടര്‍മാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കുത്തകകള്‍ക്കും ഫാര്‍മസി ഉടമകള്‍ക്കും ബ്രാന്‍ഡഡ് കമ്പനികളുടെ മരുന്നുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതിന് ഇത് അവസരമേകി. ചില പ്രത്യേക കമ്പനികളുടെ മരുന്നുകള്‍ തന്നെ വാങ്ങിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മാത്രമല്ല ആശുപത്രികളില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ച സൗജന്യ മരുന്നുകളുടെ എണ്ണവും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 2013-14ല്‍ 832 ഇനം മരുന്നുകളാണ് വിതരണത്തിന് തിരഞ്ഞടുത്തതെങ്കില്‍ 2014-15ല്‍ എണ്ണം 771 ആയി വെട്ടിച്ചുരുക്കി. 2015-16ല്‍ പിന്നെയും ചുരുങ്ങി 585 ആയി. ഇതോടെ പല മരുന്നുകളും രോഗികള്‍ക്ക് പുറത്ത് നിന്ന് വാങ്ങേണ്ടിവന്നു. ഇത്തരം ഘട്ടങ്ങളില്‍ മിക്ക ഡോക്ടര്‍മാരും എഴുതിക്കൊടുക്കുന്നത് ജനറിക് മരുന്നുകള്‍ക്ക് പകരം ബ്രാന്‍ഡഡ് മരുന്നുകളാണ്. പാവപ്പെട്ട രോഗികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി കുത്തക കമ്പനികളും മരുന്ന് കടക്കാരും ഡോക്ടര്‍മാരും ചേര്‍ന്ന് ഈ വിധം അട്ടിമറിക്കുകയായിരുന്നു. ബ്രാന്‍ഡഡ് മരുന്നുകള്‍ തന്നെ രോഗിയെക്കൊണ്ട് വാങ്ങിപ്പിച്ചു കൊള്ളലാഭം കൊയ്യുന്ന കുത്തക കമ്പനികളുടെ ഇത്തരം തന്ത്രങ്ങളെ ചെറുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനൊപ്പം ജനറിക് മരുന്ന് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ബഹുജന സംഘടനകളും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.