മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭം

Posted on: January 28, 2016 11:46 pm | Last updated: January 28, 2016 at 11:46 pm

PROTESTതിരുവനന്തപുരം: സോളാര്‍ കേസില്‍ ഉയര്‍ന്ന ആരോപണത്തിന്റെയും കേസെടുക്കാനുള്ള കോടതി ഉത്തരവിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധം. വിദ്യാര്‍ഥി, യുവജന സംഘടനകള്‍ നടത്തിയ സമരം പലയിടത്തും അക്രമാസക്തമായി. കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. പലയിടത്തും പോലീസും സമരക്കാരും ഏറ്റുമുട്ടി. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലേക്ക് നടന്ന മാര്‍ച്ചുകള്‍ അക്രമാസക്തമായി. ഡി വൈ എഫ് ഐ മാര്‍ച്ചിന് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും ജലപീരങ്കിയും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പോലീസിന് നേരെയും നിരവധി തവണ കല്ലേറുണ്ടായി. തുടര്‍ന്ന് വി ശിവന്‍കുട്ടി എം എല്‍ എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ് എഫ് ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.