ഇന്ധന വിലയില്‍ മാറ്റമുണ്ടാകും: അല്‍ സാദ

Posted on: January 28, 2016 8:50 pm | Last updated: January 28, 2016 at 8:50 pm
SHARE

dohaദോഹ: നിലവിലെ ഇന്ധന വില സുസ്ഥിരമല്ലെന്നും മാറ്റത്തിന് വിധേയമാണെന്നും ഖത്വര്‍ ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദ. ഈ വര്‍ഷം ആരംഭിച്ച് ഇതുവരെ ഇന്ധനവിലയില്‍ 18 ശതമാനം കുറവാണ് ഉണ്ടായത്. പരമ്പരാഗത ഇന്ധനയുത്പാദന ചെലവിനേക്കാള്‍ താഴെയാണ് നിലവിലെ ഇന്ധനവില. തകര്‍ച്ചയെ തുടര്‍ന്ന് 2015ല്‍ നിക്ഷേപത്തില്‍ 130 ബില്യന്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
2014 പകുതിയോടെയാണ് എണ്ണ വില താഴാന്‍ തുടങ്ങിയത്. 2020 വരെയുള്ള എണ്ണ, വാതക മേഖലകളിലെ പദ്ധതികള്‍ക്ക് 380 ബില്യന്‍ ഡോളറിന്റെ നിക്ഷേപം മാറ്റിവെക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. എണ്ണ വിലയില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ മൂലധന ചെലവിലെ ഈ കുറവുവരുത്തല്‍ കമ്പനികള്‍ സ്വീകരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ തുടര്‍ച്ചയായ രണ്ട് വര്‍ഷം നിക്ഷേപത്തില്‍ വലിയ കുറവുവരുത്തുന്നത് ഇത് ആദ്യമായാണ്.
ലോകാടിസ്ഥാനത്തില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ ഡ്രില്ലിംഗ് റിഗ്ഗുകളുടെ കാര്യത്തില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇത് എണ്ണയാവശ്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഒപെക് അല്ലാത്തവരുടെ എണ്ണയുത്പാദനം കഴിഞ്ഞ എട്ടു മാസമായി പ്രതിദിനം നാല് ലക്ഷം ബാരലിന്റെ കുറവ് വന്നിട്ടുണ്ട്. യു എസില്‍ മാത്രം പ്രതിദിനം 96000 മുതല്‍ 92000 വരെ ബാരലിന്റെ കുറവാണ് ഉത്പാദനം. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 24 എണ്ണ, വാതക കമ്പനികള്‍ പാപ്പരായിട്ടുണ്ട്. ബ്രെന്റ് ഓയിലിന് ശരാശരി 52 ഡോളര്‍ ആയിരുന്ന സമയത്താണ് ഈ സംഭവം. ഈ വര്‍ഷം ഇതുവരെ 18 ശതമാനം വിലത്തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ പാപ്പരാകും. നഷ്ടമില്ലാത്ത രീതിയില്‍ മുന്നോട്ടുപാകാന്‍ യു എസ് ഷേല്‍ കമ്പനികള്‍ക്ക് ശരാശരി 55 ഡോളര്‍ വില ലഭിക്കണം. ഈ പശ്ചാത്തലത്തില്‍ ഷേല്‍ എണ്ണയുത്പാദനം വളരെ താഴുകയും ഈ വര്‍ഷത്തെ അമേരിക്കയിലെ ഉത്പാദനം പ്രതിദിനം 87 ലക്ഷം ബാരലാകുകയും ചെയ്യും. അടുത്ത വര്‍ഷം വരെ ഈ നില തുടരുമ്പോള്‍, എണ്ണയാവശ്യം ഈ വര്‍ഷം 14000 ബാരലായി ഉയരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here