Connect with us

Kerala

മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയെ കുറിച്ച് അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അഴിമതി സംബന്ധിച്ച് പരാതി കിട്ടിയാല്‍ അതിന്റെ മെറിറ്റിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ലളിതകുമാരി കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. അതിനുശേഷം മാത്രമെ കേസെടുക്കുന്ന കാര്യങ്ങളിലേക്ക് കടക്കാവു. കേട്ടുകേള്‍വിയുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു പറയുന്നത് ശരിയല്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

പരാതി കിട്ടിയാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാന്‍ തുടങ്ങിയാല്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കോടതി വിധിക്കെതിരെ വിജിലന്‍സ് അപ്പീല്‍ നല്‍കില്ല. മുന്‍ മന്ത്രി ബാബുവിന്റെ കാര്യത്തിലും വിജിലന്‍സ് അപ്പീല്‍ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശ്ശൂര്‍ വിജിലന്‍സ് കോടതി വിധി സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സരിതയുടെ ആരോപണങ്ങള്‍. എന്നാല്‍, ഇതുകൊണ്ടെന്നും സര്‍ക്കാര്‍ തകരുമെന്ന് ആരും കരുതേണ്ട. സര്‍ക്കാര്‍ രാജി വയ്‌ക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest