Connect with us

Kerala

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തി കണ്ടിരുന്നുവെന്ന് സരിതയുടെ മൊഴി

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ ക്ലിഫ് ഹൗസില്‍ എത്തി നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ മൊഴി. സോളാര്‍ കമ്മീഷനിലാണ് സരിത മൊഴി നല്‍കിയത്. എന്നാല്‍ ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയില്‍ സംസാരിച്ചത് തികച്ചും സ്വകാര്യമായ വിഷയമാണെന്നും ഈസമയം ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും ക്ലിഫ് ഹൗസിലുണ്ടായിരുന്നുവെന്നും ഇവര്‍ക്കും തന്നെ അറിയാമെന്നും സരിത മൊഴി നല്‍കി.

താന്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച് എഴുതിയെന്ന് പറയുന്ന കത്ത് 30 പേജുള്ളതാണ്. കോണ്‍ഗ്രസ് നേതാക്കളുടെയും മുഖ്യമന്ത്രിയുടെ പ്രതിനിധിയായി തന്നെ ജയിലില്‍ വന്നു കണ്ട മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പിഎ പ്രദീപിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കത്ത് നാല് പേജാക്കി ചുരുക്കിയാണ് കോടതിയില്‍ നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് രാജുവിനു മുന്‍പാകെ മൊഴി നല്‍കിയിരുന്നു. അദ്ദേഹം കുറിച്ചെടുത്തെങ്കിലും പിന്നീട് കത്തായി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ സഹായത്തോടെ 24 പേജുള്ള കത്തെഴുതി ജയിലില്‍ എത്തി. പിന്നീട് ജയില്‍ സുപ്രണ്ടാണ് കത്ത് സൂക്ഷിച്ചത്.

പിന്നീടാണ് തനിക്കു മേല്‍ മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവരുടെ സമ്മര്‍ദ്ദമുണ്ടായത്. എല്ലാ കേസുകളും കോടതിക്ക് പുറത്തു തീര്‍ക്കാമെന്നും ഇതിനു പണം നല്‍കാമെന്നും ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും ഉറപ്പു നല്‍കി. പകരം കത്ത് ഹാജരാക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് മുഖ്യമന്ത്രിയുടെ പ്രതിനിധിയായി ഗണേഷ്‌കുമാറിന്റെ പിഎ രാജീവ് എത്തി. രാജീവ് കത്ത് വായിച്ച ശേഷം ഒരിക്കലും ഇതു പുറത്തുവിടരുതെന്നും കേസുകള്‍ കോടതിക്ക് പുറത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി സഹായിക്കുമെന്നും ഉറപ്പു നല്‍കി.

എന്നാല്‍ താന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ തയാറായിരുന്നില്ല. തന്റെ പണം മടക്കി നല്‍കാത്തവരുടെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കുമെന്നാണ് താന്‍ ചോദിച്ചത്. മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും തന്റെ അമ്മയെയും ഫോണില്‍ വിളിച്ചു കേസുകള്‍ തീര്‍ക്കാമെന്ന് ഉറപ്പു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കത്ത് നല്‍കരുതെന്ന് അമ്മയും ജയിലില്‍ എത്തി പറഞ്ഞുവെന്നും അതിനാലാണ് കത്ത് നാല് പേജാക്കി ചുരുക്കിയതെന്നും സരിത മൊഴി നല്‍കി.

അട്ടക്കുളങ്ങര ജയിലില്‍ എത്തി ഒരുപാട് പേര്‍ തന്നെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ അമ്മയെയും അടുത്ത ബന്ധുക്കളെയും മാത്രം കണ്ടാല്‍ മതിയെന്ന് താന്‍ സുപ്രണ്ടിനെ അറിയിച്ചു. എമേര്‍ജിംഗ് കേരള്ക്ക് മുന്‍പ് തന്നെ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്നും സരിത മൊഴി നല്‍കി.

---- facebook comment plugin here -----

Latest