വേട്ടയാടി പിടിച്ച മൃഗത്തിന്റെ മാംസവുമായി മൂന്ന് പേര്‍ പിടിയില്‍

Posted on: January 28, 2016 8:58 am | Last updated: January 28, 2016 at 8:58 am

നിലമ്പൂര്‍: വേട്ടയാടി പിടിച്ച മൃഗത്തിന്റ മാംസം കാറില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ മൂന്ന് പേര്‍ പോലീസ് പിടിയില്‍. തിരൂരങ്ങാടി ചെമ്മാട് സ്വദേശികളായ തച്ചാരപടിക്കല്‍ അബ്ദുല്‍ റശീദ് (34), കോട്ടുവളപ്പില്‍ അലവിക്കുട്ടി (48), മലപ്പുറം പട്ടര്‍ക്കടവ് കോണത്തൊടി ഉസ്മാന്‍ (48) എന്നിവരെയാണ് വഴിക്കടവ് എസ് ഐ. കെ ബി ഹരികൃഷ്ണനും സംഘവും നാടുകാണി ചുരത്തില്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ട് കിലോ മാംസമാണ് പിടികൂടിയത്. കഷ്ണങ്ങളാക്കിയ നിലയിലാണ് മാംസം ഉണ്ടായിരുന്നത്.
പ്രതികളില്‍ നിന്ന് 1,10,700 രൂപയും കണ്ടെടുത്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പട്ടിയിലെ എസ്റ്റേറ്റില്‍ നിന്നും കെണിവെച്ച് പിടിച്ച കൂരന്റെ മാംസമാണിതെന്നാണ് പ്രതികളുടെ മൊഴി. വഴിക്കടവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, മുജീബ് എന്നിവരും വാഹന പരിശോധനാ സംഘത്തിലുണ്ടായിരുന്നു.