സഹജീവികളുടെ വേദന അറിയുന്നവനാകണം എഴുത്തുകാരന്‍: കെ പി രാമനുണ്ണി

Posted on: January 28, 2016 8:54 am | Last updated: January 28, 2016 at 8:54 am
SHARE

കല്‍പ്പറ്റ: സഹജീവികളുടെ വേദന അറിയുന്നവനായിരിക്കണം എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. എന്‍.എസ്.എസ്. ഹയര്‍സെക്കന്ററി സ്‌കൂളില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ വയനാട്, മാതൃഭൂമി മധുരം മലയാളം, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ ചേര്‍ന്നു നടത്തിയ ജില്ലാതല സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മനുഷ്യനാക്കുന്ന പ്രക്രിയയാണ് സാഹിത്യം. സഹജീവികളുടെ വേദന മനസ്സിലാക്കാന്‍ പ്രാപ്തിയുണ്ടാകുമ്പോഴാണ് എഴുത്തുകാരന്‍ പൂര്‍ണതയിലെത്തുന്നത്. സാഹിത്യം മനുഷ്യനെ പൂര്‍ണനാക്കുന്നു. സാഹിത്യമെന്നത് ചില്ലറ നേടുന്നതിനുള്ള മാര്‍ഗമാവരുത്. അത് ആത്മീയമായിരിക്കണം. സാഹിത്യത്തില്‍ സഹജീവികളുടെ വേദന നിറയുമ്പോഴാണ് അതിനു ഫലപ്രാപ്തിയുണ്ടാകുന്നത്. സമ്പന്നത എന്നുപറയുന്നത് ഭൗതികമായി ആര്‍ജിക്കുന്നതു മാത്രമല്ല. മനുഷ്യന്റെ ആത്മീയമായ സമ്പന്നതയ്ക്കു കാരണമാകുന്നതാണ് സാഹിത്യം.
മനുഷ്യനെന്നാല്‍ കൈയും കാലും മാത്രമുള്ള ജീവിയായിരിക്കരുത്. മനുഷ്യത്വമുള്ളവനുമായിരിക്കണം. മനുഷ്യനാകുക എന്നുപറഞ്ഞാല്‍ മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതാണെന്നും രാമനുണ്ണി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് അധ്യക്ഷത വഹിച്ചു. സി. രാഘവന്‍, എ. ദേവകി, പി.പി. ആലി, സനിത ജഗദീഷ്, ഡി. രാജന്‍, എ.പി. നാരായണന്‍ നായര്‍, എം. ബാബുരാജന്‍, കെ. പ്രഭാകരന്‍, വി.കെ. സജികുമാര്‍, സി. മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here