നിയമനിര്‍മാണ സഭകളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം: മന്ത്രി അലി

Posted on: January 28, 2016 8:46 am | Last updated: January 28, 2016 at 8:46 am

കോഴിക്കോട്: ജില്ലയിലെങ്ങും വര്‍ണാഭമായ റിപ്പബ്ലിക് ദിനാഘോഷം. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ നഗരകാര്യ- ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന യുവാക്കള്‍ക്ക് പാര്‍ലിമെന്റിലും നിയമസഭകളിലും കൂടുതല്‍ പ്രാതിനിധ്യം അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളാണ് രാജ്യത്തിന്റെ ശക്തി. ഇവിടത്തെ ജനസംഖ്യയുടെ പകുതിയും 25 വയസ്സില്‍ താഴെയുള്ളവരാണ്. അനുകൂല സഹചര്യങ്ങളൊരുക്കിക്കൊടുക്കാനായാല്‍, ജ്വലിക്കുന്ന ഈ യുവശക്തിക്ക് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാകും. എന്നാല്‍ 2014ലെ ലോക്‌സഭയില്‍ 25നും 40നുമിടയില്‍ പ്രായമുള്ളവര്‍ വെറും എട്ട് ശതമാനം മാത്രമാണ്. നിയമനിര്‍മാണ സഭകളില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വലിയ മാറ്റങ്ങളോട് കിടപിടിക്കാന്‍ നമ്മുടെ രാജ്യത്തിന് ഇതിനകം സാധിച്ചു. ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ വികസിത രാജ്യങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് നമ്മള്‍. 2020ഓടെ വികസിത രാജ്യമാകണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് നമ്മുടെ രാജ്യം. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള മനുഷ്യവിഭവശേഷി നമ്മുക്കുണ്ട്. ദാരിദ്ര്യമില്ലാത്ത, സൈ്വരജീവിതം കളിയാടുന്ന രാജ്യത്തിനു മാത്രമേ ഈ നേട്ടം കൈവരിക്കാനാകൂ. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാലതയും ഇഛാശക്തിയും ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റൂറല്‍ എ ആറിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ വി അശോകന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ സിറ്റി ആംഡ് റിസര്‍വ് പോലീസ്, റൂറല്‍ ആംഡ് റിസര്‍വ് പോലീസ്, സിറ്റി പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍ സി സി സീനിയര്‍ ബോയ്‌സ് ആര്‍മി വിംഗ്, എന്‍ സി സി ബോയ്‌സ് നേവല്‍ വിംഗ്, എന്‍ സി സി സീനിയര്‍ ഗേള്‍സ് ആര്‍മി വിംഗ്, എന്‍ സി സി ജൂനിയര്‍ ബോയ്‌സ് ആര്‍മി വിംഗ്, എന്‍ സി സി ജൂനിയര്‍ ബോയ്‌സ് നേവല്‍ വിംഗ്, എന്‍ സി സി ജൂനിയര്‍ ഗേള്‍സ് ആര്‍മി വിംഗ്, സ്‌കൗട്‌സ്, ഗൈഡ്‌സ് എന്നിവയുടെ ഒന്നുവീതം പ്ലറ്റൂണുകള്‍, സ്റ്റുഡന്റ് പോലീസിന്റെ ആറ് പ്ലറ്റൂണുകള്‍, പ്രോവിഡന്‍സ് ജി വി എച്ച് എസ് ടീം, എം എസ് പിയുടെ ബാന്‍ഡ് ടീം എന്നിവ പങ്കെടുത്തു. സെന്റ് മൈക്കിള്‍സ് എച്ച് എസ് എസ് വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. മേയര്‍ വി കെ സി മമ്മദ് കോയ, എം ഐ ഷാനവാസ് എം പി, എം എല്‍ എമാരായ എ കെ ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, സബ് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമക്ക് മുന്നില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സത്യചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.