ഭക്ഷണരീതിയിലെ മാറ്റം മനുഷ്യരെ രോഗികളാക്കി: ഡോ. വി പി ഗംഗാധരന്‍

Posted on: January 28, 2016 5:28 am | Last updated: January 28, 2016 at 12:29 am
SHARE

കല്‍പ്പറ്റ: കളിമൈതാനങ്ങള്‍ ഇല്ലാതാവുകയും ഹോട്ടലുകള്‍ പെരുകിയതും മനുഷ്യരെ രോഗികളാക്കിയെന്ന് പ്രഗത്ഭ ക്യാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിസ്ഥലങ്ങള്‍ക്കുപകരം സ്റ്റാര്‍ ഹോട്ടലുകളും തട്ടുകടകളും നാട്ടില്‍ പെരുകി. വറുത്തതും പൊരിച്ചതുമായ ആഹാരത്തിലെ കൊഴുപ്പ്, നിറം, രാസവസ്തുക്കള്‍ എന്നിവ ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് നമ്മള്‍ ഭക്ഷിക്കുന്നു. ഇതാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നത്.
കാന്‍സര്‍ ചികിത്സയില്‍ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. പത്തുവര്‍ഷം മുമ്പത്തെ ചികിത്സയല്ല ഇപ്പോള്‍. വിദഗ്ധ ചികിത്സയാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. എന്നാല്‍ കാല്‍നൂറ്റാണ്ടു കഴിഞ്ഞാല്‍ ഗൂഗിളിെന ആശ്രയിച്ചു ചികിത്സിക്കുന്ന അവസ്ഥവരും. രോഗവിവരവും ലക്ഷണവും പരിശോധിച്ച് ലാബില്‍ ടെസ്റ്റ് ചെയ്ത് സ്വയം മരുന്നുവാങ്ങി കഴിക്കുന്ന അവസ്ഥയാണ് വരിക. അന്ന് ഓങ്കോളജിസ്റ്റിന്റെ ആവശ്യമുണ്ടാകില്ല. പകരം ലാബിലെ സയന്റിസ്റ്റ് മാത്രം മതിയാകും. എന്നാലും രോഗം ഇല്ലാതാകുന്നില്ല. അതിനുകാരണം ജീവിതശൈലിയാണ്. അതില്‍ മാറ്റമുണ്ടാക്കിയാല്‍ മാത്രമേ ക്യാന്‍സര്‍ ഇല്ലാതാകുകയുള്ളൂ.ഓരോവര്‍ഷവും ക്യാന്‍സര്‍ ചികിത്സയില്‍ വന്‍മാറ്റമാണ് ഉണ്ടാകുന്നത്. എന്നാല്‍ രോഗത്തില്‍ കുറവുണ്ടാകുന്നില്ലതാനും. ഇതു ജീവിതശൈലിയില്‍ മാറ്റം വരുത്താത്തതുകൊണ്ടാണ്.
കേരളത്തില്‍ പുരുഷന്മാരിലെ 50 ശതമാനം ക്യാന്‍സറും പുകവലി മൂലമുണ്ടാകുന്നതാണ്. ശ്വാസകോശത്തിലും വായയിലുമാണ് പുകയിലയുടെ ഉപക്യാന്‍സറുണ്ടാകുന്നത്. 90 ശതമാനം ശ്വാസകോശ കാന്‍സറിനും കാരണം പുകവലിയാണ്. 25 ശതമാനം പേര്‍ക്കും മറ്റുള്ളവരുടെ പുകവലിയില്‍നിന്നുള്ള പുകശ്വസിച്ചാണ് രോഗമുണ്ടാകുന്നത്.
പുകവലിക്കുന്നവരില്‍ എല്ലാവര്‍ക്കും രോഗം വരുന്നില്ല, അതിനു കാരണമുണ്ട്. പുക അകത്തേക്കു വലിക്കാതെ വെറുതെ ഊതിവിടുന്നവര്‍ മറ്റുള്ളവര്‍ക്ക് രോഗംനല്കുന്നു. മനുഷ്യരുടെ ശരീരത്തില്‍ സ്വതവേയുള്ള കാന്‍സര്‍ പ്രതിരോധ സംവിധാനം ചിലരില്‍ രോഗം പിടിപെടാതിരിക്കാന്‍ സഹായിക്കുന്നു. പുകവലിയും മദ്യപാനവും കാന്‍സര്‍ പിടികൂടാനുള്ള സാധ്യത പത്തുമടങ്ങ് വര്‍ധിപ്പിക്കും. മദ്യപിക്കുന്നവരില്‍ അന്നനാളം, ആമാശയം എന്നിവിടങ്ങളിലാണ് കാന്‍സറുണ്ടാകുന്നത്. 2026 ആകുമ്പോഴേക്കും സംസ്ഥാനത്ത് ഓരോ വര്‍ഷവും 8,000 കാന്‍സര്‍ രോഗികളെങ്കിലുമുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തിലാണുള്ളത്‌ഡോ. ഗംഗാധരന്‍ പറഞ്ഞു.
ഡോ. ഗംഗാധരന്‍ എഴുതി ‘ജീവിതക്കാഴ്ചകള്‍’ ലിയോ ആസ്പത്രി ഡയറക്ടര്‍ ഡോ. ടി.പി.വി. സുരേന്ദ്രന്‍ അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അധ്യക്ഷതവഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍, കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍. ശ്രീനിവാസന്‍ ഉപഹാരംനല്‍കി. ഗ്രന്ഥാലയം സെക്രട്ടറി എം.എം. പൈലി പൊന്നാട അണിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here