ദേശീയ സ്‌കൂള്‍ കായിക മേളക്ക് നാളെ തുടക്കം

Posted on: January 28, 2016 6:00 am | Last updated: January 28, 2016 at 12:34 pm
SHARE

LOGO NATIONAL school meetകോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് നാളെ തുടക്കമാകും.നാളെ മുതല്‍ അടുത്ത മാസം 2 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലാണ് ദേശീയ സ്‌കൂള്‍ കായികമേള നടക്കുന്നത്.
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളക്ക് നാളെ രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകുമെന്ന് കോഴിക്കോട് ഡി ഡി ഇ ഡോ ഗിരീഷ് ചോലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദേശീയ കായികമേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു.വൈകിട്ട് 4 മണിക്ക് മേളയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും.മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ എം കെ മുനീര്‍ ,തുടങ്ങിയവര്‍ പങ്കെടുക്കും.
13 സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങളും അഞ്ഞൂറോളം ഒഫീഷ്യല്‍സും പങ്കെടുക്കും. ഇത് വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1105 താരങ്ങള്‍ എത്തിയിട്ടുണ്ട്. ബാക്കി വരുന്ന താരങ്ങള്‍ ഇന്നത്തോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.മഹാരാഷ്ട്രയില്‍ നിന്ന് 157,ഉത്തരാഖണ്ഡില്‍ നിന്ന് 165,പഞ്ചാബില്‍ നിന്ന് 170,ഡല്‍ഹിയില്‍ നിന്ന് 63,തെലുങ്കാനയില്‍ നിന്ന് 141, ആന്ധ്രയില്‍ നിന്ന് 93,സി ബി എസ് ഇയുടെ 161,വിശ്യഭാരതിയുടെ 18 എന്നിങ്ങനെയാണ് ഇതിനകം എത്തിച്ചേര്‍ന്നത്. കേരളത്തിനു വേണ്ടി 106 കായിക താരങ്ങളാണ് മത്സരിക്കുന്നത്.കേരള ടീമംഗങ്ങള്‍ ഒരാഴ്ചയായി മെഡിക്കല്‍കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി വരികയാണ്.
നഗര പരിധിക്കകത്ത് 26 സെന്ററുകളിലായാണ് താരങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കിയത്. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സൗകര്യം ഇവിടെ തന്നെ ഒരുക്കിയിട്ടുണ്ട്. മേളക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റയുടെ നേതൃത്വത്തില്‍ ശക്തമായ പോലിസ് സംരകാഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പോലിസിന് പുറമെ 140 ഹോംഗാര്‍ഡ്,സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍ സി സി എന്നിവരും രംഗത്തുണ്ടാകും.മേളക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഗ്രൗണ്ടിലേക്ക് പ്ലാസ്റ്റ്ക് കൊണ്ട് വരുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും.
സ്റ്റേഡിയത്തില്‍ നിലവിലുള്ള ഗ്യാലറികള്‍ക്ക് പുറമെ 600 പേര്‍ക്കിരിക്കാവുന്ന താല്‍ക്കാലിക ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്.രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും.മേളയുടെ സമാപന സമ്മേളനം അടുത്ത മാസം 2ന് വൈകിട്ട് 4 30ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.മന്ത്രി ഡോ എം കെ മുനീര്‍ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സമ്മാനവിതരണം നിര്‍വ്വഹിക്കും.ദേശീയ കായിക താരങ്ങളായ പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്ജ്. കെ ടി ഇര്‍ഫാന്‍, മേര്‍സിക്കുട്ടന്‍,അനില്‍കുമാര്‍,പത്മിനി തോമസ്,ടോംജോസഫ്,പി ആര്‍ ശ്രീജേഷ്, തുടങ്ങിയവര്‍ കായികമേളക്കെത്തി ചേരും.
വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ ചാക്കോ ജോസഫ്, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി കെ രാജു തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here