അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം വാര്‍ണര്‍ക്ക്

Posted on: January 28, 2016 6:00 am | Last updated: January 28, 2016 at 12:05 am
SHARE

David-Warner-pulls-during-007മെല്‍ബണ്‍: ആസ്‌ത്രേലിയയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഡേവിഡ് വാര്‍ണറിന്. ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ച് മൂന്നാം സ്ഥാനത്തുമായി.
കളിക്കാരും പരിശീലകരും മാധ്യമപ്രതിനിധികളും ഉള്‍പ്പെടുന്ന വോട്ടിംഗ് പാനലാണ് മികച്ച താരത്തെ കണ്ടെത്തിയത്. ഡേവിഡ് വാര്‍ണറിന് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്മിത്ത് 219 വോട്ടുകളുമായി രണ്ടാമതായി. സ്റ്റാര്‍ക്കിന് 183 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്റ്റീവന്‍ സ്മിത്തിനായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായതാണ് വാര്‍ണറുടെ വോട്ടിംഗ് ശതമാനം ഉയര്‍ത്തിയത്. 60.63 ശരാശരിയില്‍ 1334 റണ്‍സാണ് ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തത്.
അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം നേടിയതിന്റെ ക്രെഡിറ്റ് ഭാര്യ കാന്‍ഡിസിനാണ് വാര്‍ണര്‍ നല്‍കുന്നത്. 2013 ല്‍ ഇംഗ്ലണ്ടിലെ പബില്‍ വെച്ച് ഇംഗ്ലീഷ് താരം ജോ റൂഥുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ വിലക്കുണ്ടായിരുന്നു.
തിരിച്ചുവരവിനുള്ള മാനസിക പിന്തുണ നല്‍കിയത് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കാന്‍ഡിസാണെന്ന് വാര്‍ണര്‍ ഓര്‍ത്തു.
സ്റ്റീവന്‍ സ്മിത്തായിരിക്കും ടെസ്റ്റ് പ്ലെയര്‍ ഓഫ്ദ ഇയറെന്ന് വാര്‍ണര്‍ വിശ്വസിച്ചിരുന്നു.
എന്നാല്‍, വോട്ടിംഗില്‍ മുന്നിലെത്തിയപ്പോള്‍ വാര്‍ണര്‍ ഞെട്ടി. എന്റെ ഹൃദയമിടിപ്പേറിയിരിക്കുന്നു, സ്മിത്തിനും കഴിഞ്ഞത് മികച്ച വര്‍ഷമായിരുന്നു, അദ്ദേഹമാകും മികച്ച താരമെന്ന് കരുതി- വാര്‍ണര്‍ പ്രതികരിച്ചു.
മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഗ്ലെന് മാക്‌സ്‌വെലിനാണ്. ആദം വോഗ്‌സ് ആസ്‌ത്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായി.
വോട്ടെടുപ്പ് കാലാവധിയില്‍ 46.00 ശരാശരിയില്‍ മാക്‌സ്‌വെല്‍ 644 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
മികച്ച യുവതാരത്തിനുള്ള ബ്രാഡ്മാന്‍ പുരസ്‌കാരം ഷെഫീല്‍ഡ് ഷീല്‍ഡിന്റെ അലക്‌സ് റോസിനാണ്.