Connect with us

International

വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു; ഗുയിന്‍ ഫു ട്രോംഗ് സ്ഥാനം നിലനിര്‍ത്തി

Published

|

Last Updated

ഹനോയി: വിയറ്റ്‌നാമിലെ ഉന്നത കമ്യൂണിസ്റ്റ് നേതാവായി ഗുയിന്‍ ഫു ട്രോംഗിനെത്തന്നെ വീണ്ടും തിരഞ്ഞെടുത്തു. വിഭാഗീയത നിഴല്‍വിരിച്ച ഒരു ആഴ്ചക്കാലം നീണ്ടുനിന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ 72കാരനായ ട്രോംഗ് തന്റെ സ്ഥാനം നിലനിര്‍ത്തി. അതേ സമയം ട്രോംഗിന്റെ എതിരാളിയും പരിഷ്‌കരണനടപടികളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രിയുമായ ഗുയിന്‍ ടാന്‍ ഡംഗ് അധികാരത്തില്‍നിന്ന് പുറത്തായി. ഡംഗ് ഇപ്പോഴും പ്രധാനമന്ത്രിയാണെങ്കിലും ഈ വര്‍ഷം അവസാനത്തോടെ വിളിച്ച് ചേര്‍ക്കുന്ന നാഷണല്‍ അസംബ്ലിയോടെ പുതിയ ആള്‍ അധികാരത്തിലേറും. ഉപപ്രധാനമന്ത്രിയായ ഗുയിന്‍ സുആന്‍ ഫുക പ്രധാനമന്ത്രിയായേക്കുമെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ട്രോംഗിനെ പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അനുമോദിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രോംഗ് 2011 മുതല്‍ ജനറല്‍ സെക്രട്ടറിയാണ്. രണ്ട് തവണ പ്രധാനമന്ത്രിയായ 66കാരനായ ഡംഗ് സമുദ്ര അതിര്‍ത്തി തര്‍ക്കങ്ങളില്‍ ചൈനയോട് കടുത്ത നിലപാട് സ്വീകരിച്ചയാളായിരുന്നു.

Latest