Connect with us

Eranakulam

എന്‍ജിനിയര്‍മാര്‍ക്ക് ഐ എ എസുകാരേക്കാള്‍ അധികാരം നല്‍കണം: ഇ ശ്രീധരന്‍

Published

|

Last Updated

കൊച്ചി: പദ്ധതികളുടെ പൂര്‍ത്തീകരണത്തിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് എന്‍ജിനിയര്‍മാര്‍ക്ക് ഐ എ എസ് ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഭരണപരമായ അധികാരങ്ങളും നല്‍കണമെന്ന് ഡോ. ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ 12 മെട്രോകളില്‍ ടെക്‌നോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന പദ്ധതികളാണ് ബ്യൂറോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന പദ്ധതികളേക്കാള്‍ കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ മികച്ച എന്‍ജിനി. കോളജ് അധ്യാപകര്‍ക്കുള്ള എന്‍ ഐ ടി സി എ എ അവാര്‍ഡ് കോഴിക്കോട് എന്‍ ഐ ടി യിലെ പ്രൊഫ. ഡോ. ലില്ലിക്കുട്ടി ജേക്കബിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനിയര്‍മാരെ പൂര്‍ണമായും അംഗീകരിക്കാത്തത് കൊണ്ടും, ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുകയും ഒത്തുതീര്‍പ്പുകള്‍ നടത്തുകയും ചെയ്യുന്നത് കൊണ്ടും അവര്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുന്നില്ലെന്ന് ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എന്‍ജിനിയര്‍മാരും ശാസ്ത്രജ്ഞരും കൂടുതല്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും പ്രകടമാക്കണം. പ്രസ്താവയോഗ്യമായ എന്തെങ്കിലും കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് പരിതാപകരമാണ്. ഈ സ്ഥിതി മാറണം. വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന എന്‍ജിനിയര്‍മാരുടെ തൊഴില്‍ക്ഷമത തീരെ കുറവാണ്. സോഫ്റ്റ് സ്‌കില്‍സ്, അച്ചടക്കം, മൂല്യങ്ങള്‍ എന്നിവക്ക് കോളജുകള്‍ പ്രാധാന്യം നല്‍കണം. ആകര്‍ഷകമായ പ്രതിഫലം നല്‍കുന്നില്ലെങ്കില്‍ നല്ല അധ്യാപകരെ ആകര്‍ഷിക്കാന്‍ കോളജുകള്‍ക്ക് സാധിക്കില്ല. പ്രതിഫലത്തിന് വേണ്ടി മാത്രമല്ലാതെ തങ്ങള്‍ക്കുവേണ്ടി ഭരണകൂടം ചിലവഴിക്കുന്ന വന്‍ തുകക്ക് നന്ദി കാണിക്കുന്നതിനായി എന്‍ജിനിയര്‍മാര്‍ രാഷ്ട്ര സേവനം നിര്‍വഹിക്കണം. നല്ല ഉറക്കം, മിതവും ആരോഗ്യകരവുമായ ആഹാരശീലം, വ്യായാമം, ആത്മീയത തുടങ്ങിയവയാണ് ഈ പ്രായത്തിലും തന്റെ ആരോഗ്യത്തിനും ഊര്‍ജസ്വലതയ്ക്കും കാരണമെന്ന് സദസില്‍ നിന്നുള്ള ചോദ്യത്തിനുത്തരമായി ശ്രീധരന്‍ വ്യക്തമാക്കി.

Latest