Connect with us

National

കേരള റെയില്‍വേ വികസനത്തിന് കമ്പനി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് കേരള-കേന്ദ്ര സര്‍ക്കാറുകള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടു. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി ശിവശങ്കറും റെയില്‍വേയെ പ്രതിനിധീകരിച്ച് ദുദേജയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സ്റ്റേഷന്‍ നവീകരണവും പാളം ഇരട്ടിപ്പിക്കലും അടക്കമുള്ള എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന ഊ കമ്പനിയില്‍ സംസ്ഥാനത്തിന് 51 ശതമാനവും കേന്ദ്രത്തിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണുണ്ടായിരിക്കുക. 30 വര്‍ഷത്തിന് ശേഷം പദ്ധതിയുടെ ആസ്തി പൂര്‍ണമായും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കൈമാറണമെന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. റെയില്‍വേയുടെ പശ്ചാത്തല വികസനം ഉള്‍പ്പെടെയുള്ള മുഴുവന്‍ പദ്ധതികളും ഇനി ഈ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും നടപ്പാക്കുക.
ഇതിന് മുമ്പ് ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്രം സമാനമായ കമ്പനി രൂപവത്കരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇന്നലെ കേരളത്തിനൊപ്പം ആന്ധ്രപ്രദേശും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കമ്പനി നിലവില്‍ വരുന്നതോടെ വാര്‍ഷിക ബജറ്റ് പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാകും.
നിലവില്‍ സംസ്ഥാന, ദേശീയ പാതാ വികസനത്തിന് മുന്‍ഗണന നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന് കീഴില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ഈ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ടെന്ന് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി റെയില്‍വേ മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്. ബഹുവിധ ഗതാഗത വികസനത്തിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കമെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
റെയില്‍വേ, കര, കപ്പല്‍ ഗതാഗത സംവിധാനങ്ങള്‍ ഏകീകരിക്കുന്നതിലൂടെ മെച്ചപ്പെട്ട യാത്രാ- ചരക്കുനീക്ക മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനാണ് ഉദേശിക്കുത്. അതിനാല്‍ റോഡ് വികസനത്തിനൊപ്പം റെയില്‍വേയുടെ വികസനവും സാധ്യമാകേണ്ടതുണ്ട്.
ബജറ്റിനെ മാത്രം ആശ്രയിക്കാതെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ കണ്ടെത്തി നടപ്പാക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ റെയില്‍വേ വികസനത്തിന് സംസ്ഥാനം കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുമെന്നുറപ്പായി.
പാളം ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉള്‍പ്പെടെ തുക വകയിരുത്താനുള്ള കാലതാമസം മൂലം മുടങ്ങിക്കിടക്കുന്ന നിരവധി പദ്ധതികളുള്ള സംസ്ഥാനത്തിന് പുതിയ നീക്കം ഗുണകരമാകുമെന്നാണ് തരുതപ്പെടുന്നത്. ലാഭകരമായ പദ്ധതികളാണ് കമ്പനിയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുക.
അതേസമയം വന്‍ പദ്ധതികള്‍ക്കുള്ള തുക കണ്ടെത്താനാകാതെ വരുന്ന സാഹചര്യങ്ങളില്‍ കമ്പനിയുടെ മറവില്‍ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തതിന് വഴിതുറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇങ്ങനെ വന്നാല്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ പേരുദോഷം സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കാനും കേന്ദ്രത്തിനാകും.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest