Connect with us

National

നിരഞ്ജന്‍ ബോംബ് പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്ന് സൈനിക റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യം സമഗ്ര റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. കൊല്ലപ്പെട്ട മലയാളിയായ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാര്‍ ബോംബ് പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ, നിരഞ്ജന്‍ കവചം ധരിച്ചിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ സൈന്യം അതു നിഷേധിച്ചിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശം ഉയര്‍ച്ച താഴ്ചകളുള്ള ആള്‍പ്പൊക്കത്തില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്ന പ്രദേശമായിരുന്നതിനാല്‍ 60 കിലോയോളം ഭാരം വരുന്ന കവചം ധരിച്ചുപോകുക സാധ്യമായിരുന്നില്ല. എന്നാല്‍ നിരഞ്ജന്‍ നിയമങ്ങള്‍ തെറ്റിച്ചിരുന്നില്ലെന്നും ബോംബ് നിര്‍വീര്യമാക്കുന്നതില്‍ അദ്ദേഹം വിദഗ്ധനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമസേന താവളത്തില്‍ ഭീകരര്‍ പ്രവേശിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ആക്രമണം നടത്തിയ ആറ് ഭീകരര്‍ രണ്ട് സംഘങ്ങളായാണ് പ്രവര്‍ത്തിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. വ്യോമതാവളത്തിലെ ആക്രമണം സംബന്ധിച്ചും ഭീകരര്‍ അകത്തു പ്രവേശിച്ചത് സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. 80 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ 500 കമാന്‍ഡോകള്‍ പങ്കെടുത്തതായും, ലഫ്.കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. ആറംഗ ഭീകരസംഘത്തിലെ നാല്‌പേരെ രണ്ട്‌പേരടങ്ങുന്ന സംഘമാണ് നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ചിരുന്നത്. യുദ്ധവിമാനങ്ങളും ഹെലിക്കോപ്ടറുകളും ഉള്ള ടെക്‌നിക്കല്‍ മേഖലയിലേക്ക് സംഘാംഗങ്ങളെ നയിക്കുകയെന്നതായിരുന്നു രണ്ടംഗ സംഘത്തിന്റെ ദൗത്യം.
യന്ത്രതോക്കുകള്‍ ഉപയോഗിക്കാതെ ഐ ഇ ഡികള്‍, വന്‍തോതില്‍ കത്തിപ്പിടിക്കാന്‍ സഹായിക്കുന്ന ഇന്‍സെന്‍ഡയറി ജെല്‍, അമോണിയം നൈട്രേറ്റ് തുടങ്ങിയവയാണ് സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ക്കും വിമാനങ്ങള്‍ക്കും കാര്യമായ കേടുവരുത്താന്‍ ലക്ഷ്യമിട്ടിരുന്ന രണ്ടംഗ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ എത്തിയതെന്ന് കരുതുന്ന ഇവര്‍ എങ്ങനെ അകത്തുകയറിയെന്ന് വ്യക്തമായിട്ടില്ലെന്നും ഇവരുടെ നീക്കങ്ങള്‍ സൈന്യത്തിന്റെ നിരീക്ഷണ ഉപകരണങ്ങളുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ നാല്‍വര്‍ സംഘം രണ്ടിന് പുലര്‍ച്ചെയാണ് വ്യോമത്താവളത്തിനുള്ളില്‍ കയറിയത്. മുകളില്‍ മുള്ളുകമ്പികള്‍ വിരിച്ച10 അടിയോളം ഉയരമുള്ള മതിലില്‍ ചാടിക്കടന്നാണ് നാലംഗ സംഘം അകത്തുകയറിയത്. നിരീക്ഷണ വിമാനത്തിന്റെ തെര്‍മല്‍ ഉപകരണങ്ങള്‍ വഴി മൂന്നിന് ഇവരെ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഇവര്‍ ആറ്‌പേരും ഒരുമിച്ചു നീങ്ങുന്നത് തെര്‍മല്‍ ഉപകരണങ്ങള്‍ക്ക് കണ്ടെത്താനായില്ല. ഇതിനാല്‍ നാല് പേര്‍ മാത്രമാണ് ഭീകരസംഘത്തിലുള്ളതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നാലംഗ സംഘത്തെ ആറ ്മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷം സുരക്ഷാ സൈന്യം വധിച്ചു. പിന്നീട് മൂന്നിന് ബാക്കിയുള്ള രണ്ടു ഭീകരര്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഭയം പ്രാപിച്ചു. അഞ്ച് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നതിനാല്‍ എന്‍ എസ് ജിയെത്തി ഇവരെ ഒഴിപ്പിച്ച ശേഷമാണ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ തുടരാനായത്. ടെക്‌നിക്കല്‍ മേഖലയിലേക്കു പോകാന്‍ കഴിയാതിരുന്നതിലുള്ള നിരാശ കൊല്ലപ്പെടുന്നതിനു മുമ്പ് ഭീകരര്‍ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം