ഭീകരരെന്ന് സംശയം; സി സി ടി വി ദൃശ്യം ഉത്തരാഖണ്ഡ് പുറത്തു വിട്ടു

Posted on: January 28, 2016 5:21 am | Last updated: January 27, 2016 at 11:22 pm
SHARE
ഭീകരരെന്ന് സംശയിക്കുന്നവരുടെ സി സി ടി വി  ദൃശ്യം ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടപ്പോള്‍
ഭീകരരെന്ന് സംശയിക്കുന്നവരുടെ സി സി ടി വി
ദൃശ്യം ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടപ്പോള്‍

ഡെറാഡൂണ്‍: ഭീകരരെന്ന് സംശയിക്കുന്നവരുടെ സി സി ടി വി ദൃശ്യം ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. സംസ്ഥാനത്തെ ഹരിദ്വാറിന് സമീപം റൂര്‍കിയില്‍ നിന്ന് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ ഡല്‍ഹി പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഈ മാസം 20ന് അറസ്റ്റിലായ ഇസില്‍ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കവേയാണ് ഉത്തരാഖണ്ഡ് പോലീസ് സി സി ടി വി ദൃശ്യം പുറത്തുവിട്ടത്. ഒരു ഭീകരനും അയാളുടെ ഏഴോ എട്ടോ കൂട്ടാളികളും എന്ന് കരുതുന്നവരുമുള്ള ഡറാഡൂണില്‍ നിന്നുള്ള സി സി ടി വി ദൃശ്യമാണ് വാട്ട്‌സ്ആപ്പിലൂടെ പോലീസ് പുറത്തുവിട്ടത്. ദൃശ്യങ്ങളിലുള്ളവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസില്‍ അറിയിക്കാന്‍ ഡി ജി പിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ സി സി ടി വി ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ എ ഡി ജി പി അനില്‍ തൂരി തയ്യാറായില്ല. ഉത്തര്‍പ്രദേശിലെ കുംഭമേളക്കിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് പോകുകയായിരുന്ന നാല് പേരെയാണ് ട്രെയിനില്‍ വെച്ച് ഈ മാസം 20ന് ഡല്‍ഹിയില്‍ അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച ഇസിലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 13 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കിടെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍ ഐ എയുടെ നടപടി. ബെംഗളൂരു, തുംകൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ റെയ്ഡിലൂടെയാണ് ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here