ജെ എന്‍ യുവില്‍ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ഭീഷണി

Posted on: January 28, 2016 6:00 am | Last updated: January 27, 2016 at 11:18 pm

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ദളിത് ഗവേഷകന്റെ ആത്മഹത്യാ ഭീഷണി. സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ് തുക അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കി ദളിത് ഗവേഷകനായ മദന്‍ മെഹര്‍ വൈസ് ചാന്‍സലറിന് കത്ത് നല്‍കി. ഒരാഴ്ചക്കുള്ളില്‍ ഫെല്ലോഷിപ് തുക അനുവദിച്ചില്ലെങ്കില്‍ സര്‍വകലാശാല ഭരണവിഭാഗത്തിന് മുന്നില്‍ ആത്മഹത്യചെയ്യുമെന്നും മരണത്തിന് ഉത്തരവാദി സര്‍വകലാശാല ആയിരിക്കുമെന്നും കത്തില്‍ പറയുന്നു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിന് കീഴിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ പൊളിറ്റിക്‌സ്, ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡിസാര്‍മമെന്റിലെ ഗവേഷകനാണ് മദന്‍ മെഹര്‍.
ഗവേഷണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയാക്കി രേഖകള്‍ സമര്‍പ്പിച്ചിട്ടും സര്‍വകലാശാല ഫെല്ലോഷിപ് തുക അനുവദിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം നിരവധി തവണ ശ്രമിച്ചതിന് ശേഷമാണ് സീനിയര്‍ റിസര്‍ച്ച് ഫെലോ ആയി അംഗീകാരം നല്‍കിയതെന്നും മദന്‍ മെഹര്‍ ആരോപിക്കുന്നു. അതേസമയം സര്‍വകലാശാല ഫീല്‍ഡ് ട്രിപ്പിന് അനുവദിച്ച തുക ഗവേഷകന്‍ ചെലവാക്കിയില്ലെന്നും അത് തിരിച്ചടക്കാതെ ഫെല്ലോഷിപ് തുക അനുവദിക്കാനാവില്ലെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും മുത്തശ്ശിക്ക് പക്ഷാഘാതം വന്നപ്പോള്‍ അനുവദിച്ച തുക ആശുപത്രി ആവശ്യങ്ങള്‍ക്കായി ചെലവാക്കിയെന്നും മദന്‍ മെഹര്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ ഫെലോഷിപ് തുക ലഭിച്ചാല്‍ മാത്രമേ ഫീല്‍ഡ് ട്രിപ്പിന് അനുവദിച്ച തുക തിരിച്ചടക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.