Connect with us

Kerala

പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ഒമ്പത് ഏജന്‍സികള്‍ രംഗത്ത്‌

Published

|

Last Updated

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്കുള്ള പ്രത്യേക സാമ്പത്തിക മേഖല പോലെ കേരളത്തില്‍ പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലകള്‍ തുടങ്ങാന്‍ ഒമ്പത് ഏജന്‍സികള്‍ രംഗത്ത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ താത്പര്യപത്രം ക്ഷണിച്ചതനുസരിച്ചാണ് ഒമ്പത് സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചത്. വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. വന്‍ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ സ്വകാര്യ സംരംഭകര്‍ക്ക് പൂര്‍ണാധികാരവും ഉണ്ടാകും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റില്‍ താത്പര്യ പത്രം നല്‍കിയ കമ്പനികള്‍ തങ്ങളുടെ പദ്ധതി വിശദീകരിക്കും.
ഇന്റര്‍നാഷണല്‍ ഹയര്‍ അക്കാദമിക് സോണ്‍ (ഐഹാസ്) എന്ന പേരിലാണ് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ അറിയപ്പെടുക. പ്രത്യേക സാമ്പത്തിക മേഖലക്കുള്ളതുപോലെ പ്രത്യേക വിദ്യാഭ്യാസ മേഖലക്കും പല വ്യവസ്ഥകളിലും ഇളവു നല്‍കും. പ്രത്യേക നിയമമായിരിക്കും ബാധകം. സംസ്ഥാന നിയമസഭ ഇതിനായി പ്രത്യേക നിയമനിര്‍മാണവും നടത്തും. സ്വദേശത്തെയും വിദേശത്തെയും സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കാന്‍ അധികാരമുണ്ടാകും.
പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി അക്കാദമിക ബന്ധവും വിദ്യാഭ്യാസമേഖലയില്‍ മുതല്‍ മുടക്കാന്‍ ശേഷിയുമുള്ള സ്ഥാപനങ്ങള്‍ക്കാകും പ്രത്യേക വിദ്യാഭ്യാസ മേഖലക്കായി സര്‍ക്കാര്‍ അനുമതി നല്‍കുക. 20 ഏക്കര്‍ സ്ഥലവും അഞ്ച് വര്‍ഷം ഈ രംഗത്ത് പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണം. പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ മരിയം കോളജ് കുട്ടിക്കാനം, അഹല്ല്യ ഇന്റര്‍നാഷണല്‍ പാലക്കാട്, ആറന്മുള വിമാനത്താവളത്തിന് തുടക്കമിട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൗണ്ട് സോണ്‍, തിരുവനന്തപുരം നിംസ്, രാജഗിരി കോളജ്, മൂപ്പന്‍സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഡി എം റിസര്‍ച്ച് ഫൗണ്ടേഷന്‍, ചാലക്കുടി നിര്‍മ്മല ഗിരി കോളജ് ഓഫ് എന്‍ജിനീയറിംഗ്, വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ്, ശ്രീഗോകുലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ എന്നീ ഏജന്‍സികളാണ് പ്രത്യേക വിദ്യാഭ്യാസ മേഖല തുടങ്ങാന്‍ താത്പര്യപത്രം നല്‍കിയിരിക്കുന്നത്.
നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ രൂപം നല്‍കുന്ന അക്കാദമിക് സിറ്റി അതോറിറ്റിയാകും പ്രത്യേക സാമ്പത്തിക മേഖലക്കുള്ള ലൈസന്‍സ് നല്‍കുക. അക്കാദമിക, ഗുണപരിശോധനാ ഓഡിറ്റ് അതോറിറ്റി നടത്തും. അക്കാദമിക നിലവാരം ഉറപ്പാക്കാനുള്ള അധികാരവും ഇവര്‍ക്കായിരിക്കും. ഫീസ് അതത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടാകും. ട്യൂഷന്‍ ഫീസിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരിന് നല്‍കണം. ഈ പണം സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വകലാശാലകള്‍, ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പ്, മികച്ച അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ ഇതിന്റെ ഭരണസമിതിയിലുണ്ടാകും. ഉന്നത വിദേശ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തില്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിനും മറ്റുമുള്ള സംവിധാനം അക്കാദമിക സിറ്റി അതോറിറ്റിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമെ അനുമതി ലഭക്കൂ. ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റില്‍ ഇതിന്റെ അവതരണം നടക്കും.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഉയര്‍ന്ന നിലവാരമുള്ള ലബോറട്ടറി, ലൈബ്രറി, മറ്റ് പഠനസൗകര്യങ്ങള്‍ എന്നിവ അവര്‍ ഒരുക്കണം. അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് പ്രോഗ്രാമും ദേശീയ ബിരുദ കോഴ്‌സുകളും ഇവിടെ നടത്താം. വിദേശത്തേയും സ്വദേശത്തേയും സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ഒരേസമയം നടത്താം. അധ്യാപകരായി ദേശീയതലത്തിലും വിദേശത്തുനിന്നും പ്രമുഖരെത്തും. പൊതുസൗകര്യങ്ങള്‍ ലഭ്യമാക്കിയും ധനകാര്യ ഇളവുകള്‍ നല്‍കിയും സര്‍ക്കാറും പദ്ധതിയില്‍ പങ്കാളിയാകും. ബിസിനസിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കും. ഇതിനായി ചട്ടങ്ങളിലും നിയമങ്ങളിലും ഇളവ് നല്‍കും. ഭരണപരമായ എല്ലാ അനുമതികളും ഏകജാലകം വഴി നല്‍കും. രജിസ്‌ട്രേഷന്‍ ഫീസില്‍ ഉള്‍പ്പെടെ ഇളവ് നല്‍കും. 10 വര്‍ഷത്തേക്ക് കേന്ദ്ര, സംസ്ഥാന നികുതിയിളവ്. ഈ കേന്ദ്രങ്ങളിലേക്ക് റോഡ്, ഇടമുറിയാതെ വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ലഭ്യമാക്കും. പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യകേന്ദ്രം എന്നിവക്കും മുന്‍ഗണന നല്‍കും.