ക്രിക്കറ്റ് കോഴ അഥവാ കൂട്ടുകച്ചവടം

ബി ജെ പി നേതാവായ ജയ്റ്റ്‌ലിക്കെതിരെ അതേ കക്ഷിയുടെ എം പിയായ കീര്‍ത്തി ആസാദ്, അന്നത്തെ യു പി എ മന്ത്രിസഭക്ക് മുന്നല്‍ ഒരു അഴിമതി ആരോപണം ഉന്നയിച്ചാല്‍ സ്വാഭാവികമായും നാം കരുതുക, അതില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണല്ലോ. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, ജയ്റ്റ്‌ലിയുടെ അനുയായികളായ ചില ഉദ്യോഗസ്ഥര്‍ക്ക് നാമമാത്രമായ പിഴ ശിക്ഷ മാത്രം നല്‍കുകയാണ് ആ സര്‍ക്കാര്‍ ചെയ്തത്. സഹികെട്ട ആസാദ്, ഇപ്പോള്‍ തുറന്നുകിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ചു. എന്തുകൊണ്ട് യു പി എ സര്‍ക്കാര്‍ ജയ്റ്റ്‌ലിയെ രക്ഷിച്ചു എന്നതിന്റെ ഉത്തരം വ്യക്തമാണ്. ക്രിക്കറ്റ് കൊള്ളയില്‍ ജയ്റ്റ്‌ലിയുടെ സഹകൊള്ളക്കാരായി നിന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവായ രാജീവ് ശുക്ലയും എന്‍ സി പി നേതാവായ ശരത്പവാറും അവരുടെ കൂട്ടാളികളുമാണ്.
Posted on: January 28, 2016 6:00 am | Last updated: January 27, 2016 at 10:27 pm

arun-jaitleyഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ വന്‍ പ്രഹരമായിരുന്നുവെന്നാര്‍ക്കുമറിയാം. വോട്ടിന്റെ ശതമാനം വളരെ കുറവാണെങ്കിലും എതിര്‍പക്ഷത്തിന്റെ അനൈക്യം മൂലം ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടുകയും മൂന്ന് സംസ്ഥാനങ്ങളില്‍ തകര്‍പ്പന്‍ ജയം നേടുകയും ചെയ്ത മോദി ലോകം കീഴടക്കാനുള്ള അശ്വമേധത്തിലായിരുന്നു. ഏഴില്‍ ഏഴ് ലോക്‌സഭാ സീറ്റും നേടിയ ഡല്‍ഹിയില്‍ യാതൊരു സങ്കോചവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. 75 കേന്ദ്രമന്ത്രിമാരും 250ല്‍ പരം എം പിമാരും പ്രധാനമന്ത്രി തന്നെയും നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം തോല്‍വി നേരിട്ടു. മോദി അജയ്യനാണെന്ന് എതിരാളികള്‍ പോലും വിശ്വസിച്ചിരുന്ന കാലത്ത്, മോദിയെ ദിവസേന നേരില്‍ കണ്ടുവരുന്ന, എട്ട് മാസക്കാലമായി മോദി നേരിട്ട് ഭരിച്ചിരുന്ന ഡല്‍ഹിയിലെ തോല്‍വി ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ്, ആദ്യ ദിവസം മുതല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത, 54 ശതമാനം വോട്ട് നേടിയ സര്‍ക്കാറിനെ ഞെക്കിക്കൊല്ലാന്‍ മോദി ശ്രമിച്ചുപോന്നത്. സ്വന്തം ചീഫ് സെക്രട്ടറിയെയോ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെയോ നിയമിക്കാന്‍ പോലും ആ സര്‍ക്കാറിനെ മോദി അനുവദിച്ചില്ല.
നിയമപരമായ എല്ലാ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ കുടിവെള്ളവും വൈദ്യുതിയും പൊതു ചികിത്സാ സൗകര്യവും ഏറ്റവുമൊടുവില്‍ ശുദ്ധവായുവും ലഭ്യമാക്കിക്കൊണ്ട് ആ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ സ്വന്തം കാര്‍ ഉപേക്ഷിച്ച് മറ്റൊരു ജഡ്ജിയുടെ കൂടെ യാത്ര ചെയ്യാന്‍ (നിയമത്തില്‍ അതിന്റെ ആവശ്യമില്ലാതിരുന്നിട്ടും) തയ്യാറാകുന്ന വിധം സ്വീകാര്യത നേടിയിരുന്നു ഡല്‍ഹിയിലെ വാഹന നിയന്ത്രണം. ഡല്‍ഹി എം എല്‍ എമാര്‍ക്കെതിരെ കള്ളക്കേസെടുത്തും അപമാനം സഹിച്ചും മോദി മുന്നോട്ട് പോയി. എന്നാല്‍, മോദിയുടെ ഏറെ പ്രിയങ്കരനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുടുങ്ങുമെന്നായപ്പോള്‍ മോദിയുടെ എല്ലാ നിയന്ത്രണവും വിട്ടുവെന്നതാണ് സത്യം.
ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്. കോടിക്കണക്കിന് മനുഷ്യര്‍ ശ്രദ്ധിക്കുന്ന കളിയെന്ന രീതിയില്‍ അത് വലിയൊരു വ്യവസായവും ബിസിനസുമാണ്. അതില്‍ നിരവധി തട്ടിപ്പുകള്‍ മുമ്പും നടന്നിട്ടുണ്ട്. ഇന്ത്യന്‍ നായകനായിരുന്ന അസറുദ്ദീനും പ്രമുഖ കളിക്കാരനായിരുന്ന അജയ് ജഡേജയും ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന അന്തരിച്ച ഹാനസി ക്രിന്വേയുമടക്കം പലരും കളിക്കളത്തിന് പുറത്തായ ഒത്തുകളി വിവാദം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. വ്യാപാര സൗകര്യാര്‍ഥം രൂപപ്പെട്ട 20-20ഉം ഏകദിനവും വ്യാപകമായതോടെ, ഇത് ശരിക്കും സ്വര്‍ണഖനി തന്നെയായി. ആ കളിയെ നിയന്ത്രിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകളും കേന്ദ്ര സ്ഥാപനമായ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്ത്യയും മറ്റും വന്‍ പുള്ളികളുടെ നിയന്ത്രണത്തില്‍ വന്നത് അതിന്റെ സാമ്പത്തിക സാധ്യത കണ്ടാണ്. മിക്കവാറും പ്രമുഖ കക്ഷികളുടെ നേതാക്കള്‍ ഇതിന്റെ ഭരണക്കാരായി, അവരുടെ ആശ്രിതര്‍ നടത്തിപ്പുകാരായി. ചുരുക്കത്തില്‍ കളി മാത്രം അറിയുന്ന, രാഷ്ട്രീയക്കളി അറിയാത്ത കളിക്കാര്‍ പുറത്തായി.
ഐ പി എല്‍ എന്ന വന്‍ കച്ചവടം വന്നതോടെ കളിയുടെ വ്യാപാരവത്കരണം പൂര്‍ത്തിയായി. ആ ഇടപാടില്‍ ഏറ്റവും വലിയ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ഇന്ത്യാ ഗവണ്‍മെന്റ് തന്നെ കണ്ടെത്തുകയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനടക്കം ഉത്തരവിടുകയും ചെയ്യപ്പെട്ട ലളിത്‌മോദിയുടെ കഥ പഴയതല്ല. ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ലളിത് മോദിക്ക് പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടാന്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായിരുന്നു. ഈ വിഷയം പ്രതിപക്ഷമായ കോണ്‍ഗ്രസ് പോലും ഉന്നയിക്കാതിരുന്നതെന്തുകൊണ്ട് എന്ന് പലരും സംശയിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ ശരിയായ കാരണം പുറത്തുവന്നിരിക്കുന്നു. യു പി എയിലെ പ്രമുഖരും എന്‍ സി പിയിലെ പ്രമുഖരുമെല്ലാം ചേര്‍ന്ന ഒരു കൊള്ള സംഘമാണ് ക്രിക്കറ്റിനെ നയിക്കുന്നത്. ഒട്ടനവധി പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ തന്നെ പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല.
2015 ജൂലൈ 27ന് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഴിമതി അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാറിനോട് കേന്ദ്ര കായിക വകുപ്പിന്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചിടത്താണ് ഇപ്പോഴത്തെ അഴിമതിക്കഥയുടെ തുടക്കം. ഇത്രമേല്‍ പ്രത്യാഘാതമുണ്ടാകുമെന്നറിയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്. ചേതന്‍ സാംഗി എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇക്കാര്യം അന്വേഷിച്ചപ്പോള്‍ നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തുകയും വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ അഴിമതിയില്‍ 13 വര്‍ഷത്തോളം അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇക്കാര്യം അറിഞ്ഞ ജെയ്റ്റ്‌ലി പല തരത്തില്‍ ഈ റിപ്പോര്‍ട്ട് തടയാനും അതിന്മേല്‍ ഡല്‍ഹി സര്‍ക്കാര്‍ എടുക്കാവുന്ന നടപടികള്‍ മുടക്കാനും ശ്രമം തുടങ്ങി. ഷീലാ ദീക്ഷിത് സര്‍ക്കാറിന്റെ കാലത്ത് ഉദ്യോഗസ്ഥനായിരുന്ന സാംഗിക്കുമേല്‍ അഴിമതി ആരോപിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹി സര്‍ക്കാര്‍ അല്‍പ്പം സംശയത്തോടെയെങ്കിലും അതംഗീകരിച്ചു. ഈ ഫയലില്‍ ഡല്‍ഹി മുഖ്യമന്ത്രി എന്തു നടപടിയെടുക്കുന്നുവെന്ന് കണ്ടെത്താനാണ് ഡിസംബര്‍ 13ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് റെയ്ഡ് എന്ന മറവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്തത്. 2007 -12 കാലത്ത് ഈ ഉദ്യോഗസ്ഥന്‍ ചെയ്തുവെന്ന് പറയുന്ന കുറ്റം അന്വേഷിക്കാന്‍ അദ്ദേഹം അന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു ഓഫീസിലും പോയില്ലെന്നു മാത്രമല്ല, ‘പിടിച്ചെടുത്ത’ ഫയലുകളില്‍ 2015ലെ മന്ത്രിസഭാ തീരുമാന ഫയലുകളും ഉള്‍പ്പെടുത്തുകയും ചെയ്തതോടെ കള്ളി വെളിച്ചത്തായി. എന്തായാലും കോടതി ഇടപെടല്‍ വഴി ആ തെറ്റ് തിരുത്തപ്പെട്ടു.
ജയ്റ്റ്‌ലി ചെയ്ത കുറ്റങ്ങള്‍ പലതാണ്. ഇതിന്റെ നിരവധി വിശദാംശങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നത് ബി ജെ പി എം പിയും 1983ലെ ചരിത്രപ്രസിദ്ധമായ ഇന്ത്യന്‍ ലോകകപ്പ് വിജയടീമിലെ പ്രധാന അംഗവുമായ കീര്‍ത്തി ആസാദാണ്. ബി ജെ പി നേതാവായ ജയ്റ്റ്‌ലിക്കെതിരെ അതേ കക്ഷിയുടെ എം പിയായ കീര്‍ത്തി ആസാദ്, അന്നത്തെ യു പി എ മന്ത്രിസഭക്ക് മുന്നല്‍ ഒരു അഴിമതി ആരോപണം ഉന്നയിച്ചാല്‍ സ്വാഭാവികമായും നാം കരുതുക, അതില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണല്ലോ. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, ജയ്റ്റ്‌ലിയുടെ അനുയായികളായ ചില ഉദ്യോഗസ്ഥര്‍ക്ക് നാമമാത്രമായ (5000 രൂപ) പിഴ ശിക്ഷ മാത്രം നല്‍കുകയാണ് ആ സര്‍ക്കാര്‍ ചെയ്തത്. സഹികെട്ട ആസാദ്, ഇപ്പോള്‍ തുറന്നുകിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ചു. എന്തുകൊണ്ട് യു പി എ സര്‍ക്കാര്‍ ജയ്റ്റ്‌ലിയെ രക്ഷിച്ചു എന്നതിന്റെ ഉത്തരം വ്യക്തമാണ്. ക്രിക്കറ്റ് കൊള്ളയില്‍ ജയ്റ്റ്‌ലിയുടെ സഹകൊള്ളക്കാരായി നിന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവായ രാജീവ് ശുക്ലയും എന്‍ സി പി നേതാവായ ശരത്പവാറും അവരുടെ കൂട്ടാളികളുമാണ്. ‘ദി ഹിന്ദു’ ലേഖകന്‍ എഴുതി:’ക്രിക്കറ്റ് തട്ടിപ്പിന്റെ കഥകള്‍ ഇപ്പോള്‍ പുറത്തുവരാന്‍ കാരണം ‘പുറത്തു നിന്നൊരാള്‍’ (അരവിന്ദ് കെജ്‌രിവാള്‍) ആ കൂടാരത്തില്‍ അന്വേഷണത്തിനെത്തിയതിനാല്‍ മാത്രമാണ്’ എന്ന്. ഇത് തന്നെ ബി ജെ പിയുടെ എം പി കീര്‍ത്തി ആസാദും പറയുന്നു.
എന്തായാലും ജെയ്റ്റ്‌ലി വലിയ കുരുക്കിലാണിപ്പോള്‍ പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ല മൈതാനത്തിന്റെ നവീകരണത്തിന് ടെന്‍ഡര്‍ വഴി 24 കോടിക്ക് കരാര്‍ നല്‍കിയ പണിക്ക് 114 രൂപ നല്‍കിയെന്നു കണ്ടെത്തി, പിന്നീടൊരു ടെന്‍ഡറും നടത്താതെ. പണി നല്‍കിയതാകട്ടെ, ഈ നേതാക്കളുടെ ആശ്രിതരും യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനികള്‍ക്കും. വില കൂടിയ സീറ്റുകള്‍ കുറഞ്ഞ വിലക്ക് മറിച്ചുവില്‍ക്കല്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കല്‍, അസോസിയേഷനില്‍ നടന്ന തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍, മുന്‍കൂറായും കടമായും പണം നല്‍കിയ ഇടപാടുകളിലെ വെട്ടിപ്പുകള്‍,(പണം നല്‍കിയതെല്ലാം സ്വന്തക്കാര്‍ക്കാണ്) വിനോദ നികുതി വെട്ടിപ്പ്, ഗുരുതരമായ കുറ്റങ്ങള്‍(തടവ് ശിക്ഷ ലഭിക്കാവുന്നവ) ചെറിയ പിഴയടച്ച് തീര്‍പ്പാക്കല്‍, സ്റ്റേഡിയം നിര്‍മാണത്തിലെ നിരവധി അപാകങ്ങള്‍, ദുരന്തനിവാരണ സംവിധാനം പോലും ശരിയായി സ്ഥാപിക്കാതിരിക്കല്‍.. ഇങ്ങനെ പലതും. ഗൂഢാലോചനയടക്കം നിരവധി വകുപ്പുകള്‍ വെച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ബി സി സി ഐയും ക്രിക്കറ്റ് അസോസിയേഷനുകളും ‘സ്വകാര്യ’ സ്ഥാപനമാണെന്നതിനാല്‍ അതിലെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാറിനവകാശമില്ലെന്നതു മാത്രമാണ് ജെയ്റ്റ്‌ലിയും ബി ജെ പിയും ഉന്നയിക്കുന്ന പ്രധാന വാദം. ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിവിധ വിധികളും (പിന്നീട് സുപ്രീം കോടതി ശരിവെച്ചതും) ഈ വാദം വെളിവാക്കുന്നു. നിരവധി നികുതിയിളവുകള്‍ ക്രിക്കറ്റ് കളി പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകളും ബോര്‍ഡും പൊതു സ്ഥാപനമാണെന്നും വിവരാവകാശ നിയമമടക്കം അവര്‍ക്ക് ബാധകമാണെന്നും കോടതി വിധികളുണ്ട്. കേരള ഹൈക്കോടതിയില്‍ ബാലാജി അയ്യങ്കാര്‍ കേസില്‍ ഇതേ വിധിയുണ്ടായിട്ടുണ്ട്. ഭൂമി വാങ്ങിയതിന്റെ റജിസ്‌ട്രേഷന്‍ ഫീസില്‍ കോടികളുടെ ഇളവ് നല്‍കിയതും ഇപ്പോള്‍ സംസ്ഥാന അസോസിയേഷന്റെ ഭൂമിക്കുള്ള പരിധി എടുത്തുകളയണമെന്ന ആവശ്യവും കേരളാ ക്രിക്കറ്റ് അസോസിയേഷനെ ‘പൊതു സ്ഥാപന’മാക്കുന്നുവെന്ന് കോടതി പറയുന്നു.
ഈ ഇടപെടലുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് തടസ്സപ്പെടുത്താന്‍ ലഫ്. ഗവര്‍ണര്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമം ഡല്‍ഹി ഹൈക്കോടതി തടഞ്ഞതോടെ മോദിയുടെ സഹായി ജയ്റ്റ്‌ലി വലിയ കുഴപ്പത്തിലായിരിക്കുന്നു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനു തയ്യാറായി ഒരു ഭരണകൂടം വന്നാല്‍ അതിനു ഫലമുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.