ഫെബ്രുവരി മൂന്നിന് തീരദേശ ഹര്‍ത്താല്‍

Posted on: January 28, 2016 5:11 am | Last updated: January 27, 2016 at 10:12 pm
SHARE

തൃക്കരിപ്പൂര്‍: അറബിക്കടലോരത്ത് 24 കിലോമീറ്റര്‍ ദൈഘ്യത്തില്‍ നീണ്ടുകിടക്കുന്ന വലിയപറമ്പ പഞ്ചായത്തില്‍ തീരദേശ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിനെതിരെ ജനകീയ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ ഹര്‍ത്താല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയിലെയും വിദേശത്തെയും വിനോദസഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന വലിയപറമ്പിലെ കായല്‍ ടൂറിസം പദ്ധതികള്‍ക്ക് സി ആര്‍സെഡ് എന്ന നിയമം വിലങ്ങു തടിയാവുകയാണ്. ഈ പഞ്ചായത്തിലെ നിരവധി കേന്ദ്രങ്ങള്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. അതോടൊപ്പം മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ സാധാരണക്കാരന് ഒരു കൊച്ചു വീട് പണിയുവാന്‍ ഈ നിയമം തടസം സൃഷ്ട്ടിക്കുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി മൂന്നിന് വലിയപറമ്പ് പഞ്ചായത്ത് പൂര്‍ണ്ണമായും സ്തംഭിക്കുന്ന തരത്തില്‍ തീരദേശ ഹര്‍ത്താലും രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മറ്റ് തീരദേശ പഞ്ചായത്തുകളുടെ സഹകരണത്തോടെ ദേശീയ പാത ഉപരോധം ഉള്‍പ്പെടെ ജില്ലയില്‍ പ്രധാന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി 30ന് വാഹന പ്രചാരണജാഥ സംഘടിപ്പിക്കാനും 31 ന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഗൃഹ സന്ദര്‍ശനം നടത്താനുമാണ് പരിപാടി. കടലിനും കായലിനും ഇടയില്‍ 24 കിലോ മീറ്റര്‍നീണ്ടു കിടക്കുന്ന വലിയപറമ്പിന്റെ കഷ്ടതകള്‍ വിവരണാതീതമാണ്. ആയിരങ്ങളുടെ കണ്ണീര്‍ കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കര്‍മസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഫെബ്രുവരി മൂന്നിന് റോഡുള്ള ഇടങ്ങളില്‍ വാഹനങ്ങളോ, കായലില്‍ തോണികളോ ഉണ്ടാവില്ല. കടകമ്പോളങ്ങള്‍ അടച്ചിടും. മുഴുവന്‍ തൊഴിലാളികളും പണി ഉപേക്ഷിച്ച് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ജബ്ബാര്‍, വൈസ് പ്രസിഡന്റ് എം വി സരോജിനി, ഒ കെ വിജയന്‍, എന്‍ കെ ഹമീദ് ഹാജി, സി നാരായണന്‍, എം ഭാസ്‌കരന്‍, പി രാമകൃഷ്ണന്‍, കെ ഭാസ്‌ക്കരന്‍, പി കെ പി അബ്ദു റഊഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here