അഴിമതിയാരോപണം; ചന്ദ്രഗിരിപ്പാലം-പുലിക്കുന്ന് റോഡ് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Posted on: January 28, 2016 5:08 am | Last updated: January 27, 2016 at 10:10 pm

കാസര്‍കോട്: ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജംഗ്ഷന്‍ വരെയുള്ള റോഡ് നിര്‍മാണത്തില്‍ അഴിമതിയുള്ളതായി ആരോപണം. ചന്ദ്രഗിരിപ്പാലം വഴിയുള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് നിരോധിച്ച ശേഷമായിരുന്നു റോഡ് നിര്‍മാണം.
ചെമ്മനാട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള റോഡ് കിളച്ച് മണ്ണെടുത്ത് അഞ്ച് പാളികളായി ഉറപ്പിച്ചാണ് ടാര്‍ ചെയ്തത്. എന്നാല്‍ ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജംഗ്ഷന്‍ വരെ നിലവിലുള്ള ടാറിംഗ് നീക്കാതെ മിനുക്ക് പണി നടത്താനാണ് കെ എസ് ടി പി അധികൃതര്‍ ശ്രമിച്ചതെന്നും അഴിമതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അഴിമതി ലക്ഷ്യമിട്ടുള്ള റോഡ് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാര്‍ രംഗത്തുവരികയും പ്രവര്‍ത്തി തടയുകയും ചെയ്തു. വിവരമറിഞ്ഞ് എന്‍ജിനീയര്‍മാരും എത്തി. ഉടമ്പടി പ്രകാരം തന്നെയാണ് ജോലികള്‍ നടക്കുന്നതെന്നും മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കൃത്രിമം നടത്തിയ അതേ രീതിയിലാണ് ഇവിടെയും അഴിമതിക്ക് നീക്കം നടക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട്ടെ നിലവിലുള്ള റോഡിന് മുകളില്‍ മിനുക്ക് പണി നടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ബന്ധപ്പെട്ടവര്‍ പിന്തിരിയുകയായിരുന്നു.
കോടികള്‍ ചെലവിട്ട് നടത്തുന്ന റോഡ് പണിയില്‍ പലയിടങ്ങളിലും കൃത്രിമം നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ കാണിച്ച സൂക്ഷ്മത ഇപ്പോള്‍ പുലര്‍ത്തുന്നില്ല.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തിരുവനന്തപുരത്താണെന്നും തിരിച്ചെത്തിയാല്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി വേണ്ടത് ചെയ്യുമെന്നും ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. റോഡ് പണി നടക്കുന്നില്ലെങ്കില്‍ ഗതാഗതം പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കലക്ടര്‍ വിശദീകരിച്ചു.