Connect with us

National

ഹോസ്റ്റലിലെ പീഡനം: ദളിത് വിദ്യാഥിനികള്‍ പരാതിപ്പെടാന്‍ രാത്രി നടന്നത് 25 കിലോമീറ്റര്‍

Published

|

Last Updated

ബരിപദ: ഹോസ്റ്റലില്‍ പീഡനം ആരോപിച്ച് നൂറിലധികം ദളിത് വിദ്യാര്‍ഥിനികള്‍ 25ലധികം കിലോമീറ്റര്‍ രാത്രി നടന്ന് ചെന്ന് കലക്ടറോട് പരാതിപ്പെട്ടു. ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍പ്പെട്ട സര്‍ക്കാര്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളാണ് കിലോമീറ്ററുകളോളം നടന്ന് കലക്ടര്‍ രാജേഷ് പ്രഭാകര്‍ പാട്ടിലിനെ പരാതി അറിയിച്ചത്. പകാതിയ സര്‍ക്കാര്‍ സ്‌കൂളിലെ 107 വിദ്യാര്‍ഥിനികള്‍ ചൊവ്വാഴ്ച രാത്രി ഏഴിനാണ് വിദ്യാര്‍ഥിനികള്‍ സംസ്ഥാന പട്ടിക വിഭാഗ വകുപ്പ് നടത്തുന്ന ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും കുപിതരായ പെണ്‍കുട്ടികള്‍ അതിന് വഴങ്ങിയില്ല. പിന്നീട്, ഇവര്‍ക്ക് പിന്നാലെ അത്രയും ദൂരം പോലീസ് വാഹനം പിന്തുടരുകയായിരുന്നു.
വിദ്യാര്‍ഥിനികള്‍ ധര്‍ണ നടത്തുകയാണെന്ന് അറിഞ്ഞ കലക്ടര്‍ പുലര്‍ച്ചെ ഒന്നോടെ കലക്ടറേറ്റിലെത്തി. തുടര്‍ച്ചയായ പീഡനവും മോശം പെരുമാറ്റവുമാണ് ഹോസ്റ്റല്‍ അധികൃതരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് പെണ്‍കുട്ടികള്‍ കലക്ടറെ ധരിപ്പിച്ചു. ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ് നല്‍കുന്നതെന്നും സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ലെന്നും അവര്‍ പരാതിപ്പെട്ടു. ഹോസ്റ്റല്‍ മേട്രനെതിരെ നടപടി വേണമെന്നും അവര്‍ കലക്ടറോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ അന്വേഷണം നടത്തി ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ കൃപസിന്ധു ബെഹ്‌റ പറഞ്ഞു. മയൂര്‍ഭഞ്ജ് എസ് പി ഗദാധര്‍ പ്രധാനി, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സന്‍ പ്രകാശ് സോറന്‍ തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനികളുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചു. വിദ്യാര്‍ഥിനികളെ പിന്നീട് സ്‌കൂളില്‍ കൊണ്ടുവിടുകയായിരുന്നു.