ലോകത്ത് വളര്‍ച്ചയുള്ള ചില്ലറ വില്‍പ്പന ഗ്രൂപ്പുകളില്‍ ലുലുവിന് 25 ാം സ്ഥാനം

Posted on: January 27, 2016 9:59 pm | Last updated: February 1, 2016 at 8:11 pm

luluദുബൈ: ചില്ലറ വില്‍പ്പന മേഖലയില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഗ്രൂപ്പുകളിലൊന്ന് ലുലുവെന്ന് ആഗോള ഏജന്‍സിയായ ഡിലോയുടെ പഠനം. 25 ാം സ്ഥാനമാണ് ലുലുവിനുള്ളത്. 250 ആഗോള ചില്ലറ വില്‍പ്പന ഭീമന്‍മാരില്‍ 165 ാം സ്ഥാനവും ലുലുവിനുണ്ട്. മധ്യപൗരസ്ത്യമേഖലയിലെ വമ്പന്‍ഗ്രൂപ്പായ അല്‍ ഫുതൈം (കാരെഫോര്‍) 172 ാം സ്ഥാനത്താണ്.
മധ്യപൗരസ്ത്യമേഖലയിലും ഇന്ത്യയിലുമായി 121 ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് ലുലുവിനുള്ളത്. 580 കോടി ഡോളറാണ് വിറ്റുവരവ്. 250 ശൃംഖലകളാണ് ലോകത്ത് പ്രമുഖമായുള്ളത്. അമേരിക്കയിലെ വാള്‍മാര്‍ട്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 48,500 കോടി ഡോളറാണ് ഇവരുടെ വരുമാനം. രണ്ടാം സ്ഥാനത്ത് അമേരിക്കയിലെ കോസ്റ്റ് കോ വോള്‍സൈല്‍ കോര്‍പറേഷനാണ്.
ആഗോള സാമ്പത്തിക മാന്ദ്യം വികസന പദ്ധതികളെ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ഇപ്പോഴത്തെ മാന്ദ്യം താത്കാലിക പ്രതിഭാസമാണ്. അടുത്ത രണ്ടുവര്‍ഷത്തിനകം ലുലു ഗ്രൂപ്പ് ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും. ഓണ്‍ലൈന്‍ വ്യാപാരത്തിന് വലിയ സാധ്യതയുണ്ടെന്നും എം എ യൂസുഫലി പറഞ്ഞു.