സിക്ക വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; അമേരിക്ക ഭീതിയില്‍

Posted on: January 27, 2016 5:56 pm | Last updated: January 28, 2016 at 9:15 am

ZIKA VIRUSവാഷിംഗ്ടണ്‍: അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഭീതി വിതച്ച് സിക്ക വൈറസ് പടരുന്നു. 25 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡയും ചിലിയും ഒഴികെയുള്ള മുഴുവന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സിക്ക വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ജനം ഭീതിയിലാണ്.

കൊതുക് വഴിയാണ് സിക്ക വൈറസ് പടരുന്നത്. ചിഗുന്‍ ഗുനിയ, ഡങ്കി ഇനത്തില്‍പ്പെട്ട സിക്ക വൈറസ് ജനിതക വൈകല്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നവജാത ശിശുക്കളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. ഗര്‍ഭിണിയായ മാതാവിന് സിക്ക വൈറസ് പിടികൂടുന്നതോടെ ബുദ്ധിമാന്ദ്യം അടക്കം ഗുരുതര വൈകല്യങ്ങള്‍ക്ക് ശിശുക്കള്‍ ഇരയാക്കപ്പെടുകയാണ്. ബ്രസീലില്‍ സിക്ക വൈറസ് ബാധയേറ്റ് 4000 കുട്ടികള്‍ ബുദ്ധിമാന്ദ്യമുള്ളവരായി ജനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിക്ക വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ളവ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വൈറസ് പടരുന്ന രാജ്യങ്ങളിലേക്ക് ഗര്‍ഭിണികളും അല്ലാത്തവരും പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയ്‌ഡെസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകുകളാണ് സിക്ക വൈറസ് പടര്‍ത്തുന്നത്. മഞ്ഞപ്പിത്തം, ചിഗുന്‍ഗുനിയ, ഡങ്കി ഇനത്തില്‍പ്പെട്ട വൈറസ് തന്നെയതാണ് ഇതും. വൈറസ് ബാധ തടയാന്‍ പ്രതിരോധ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശക്തമായ പനി, തലവേദന, ചെങ്കണ്ണ്, തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തലച്ചോറിന്റെ വളര്‍ച്ചയെയാണ് സിക്ക രോഗാണുക്കള്‍ തടയുന്നത്. ബ്രസീലില്‍ അപൂര്‍വ്വ രോഗം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് സ്ഥിരമായപ്പോഴാണ് സിക്ക വൈറസ് ബാധ സ്ഥിരീക്കരിച്ചത്. തലയോട് ചുരുങ്ങുന്ന അവസ്ഥയാണ് കുട്ടികളില്‍ കാണപ്പെടുന്നത്.