മുഖ്യമന്ത്രിക്ക് 1.9 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും നല്‍കിയെന്ന് സരിത

Posted on: January 27, 2016 12:00 pm | Last updated: January 28, 2016 at 8:29 am
SHARE

SARITHA NAIR 1കൊച്ചി:ആര്യാടന് 40 ലക്ഷവും, മുഖ്യമന്ത്രിയ്ക്ക് 1 കോടി 90 ലക്ഷവും കോഴ നല്‍കിയെന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. മൊഴി നല്‍കിയ കാര്യം സരിത പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയ്ക്ക് 1 കോടി 10 ലക്ഷം തോമസ് കുരുവിള വഴി ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ചു‌ം ബാക്കി 80 ലക്ഷം തിരുവനന്തപുരത്ത് വെച്ചുമാണ് കൈമാറിയതെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് പ്രകാരമാണ് പണം നല്‍കിയത്. പറഞ്ഞതില്‍ പൊരുത്തക്കേടുണ്ടോ എന്ന് പരിശോധിക്കാന്‍ താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ്. മുഖ്യമന്ത്രിയ്ക്ക് കൊടുത്ത പണം തിരിച്ചു കിട്ടാന്‍ രണ്ട് വര്‍ഷം കാത്തിരുന്നെന്നും ഈ പണം തിരിച്ചു കിട്ടിയാല്‍ തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാമായിരുന്നുവെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്ക് അനുകൂലമായി കമ്മീഷനില്‍ മൊഴി നല്‍കാന്‍ തമ്പാനൂര്‍ രവി ഇന്നലെ തന്നോട് ആവശ്യപ്പെട്ടുവെന്നും സരിത മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനുപിന്നാലെ സരിതയും തമ്പാനൂര്‍ രവിയും തമ്മിലുള്ള സംഭാഷണം ചാനലുകള്‍ പുറത്തുവിടുകയും ചെയ്തു.

മുഖ്യമന്ത്രിയെ കാണാന്‍ സഹായിച്ചത് ഗണേശിന്റെ പിഎ ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലതവണ പോയിട്ടുണ്ടെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയാണ് ജോപ്പന്റെ നമ്പര്‍ നല്‍കിയത്. പിന്നീട് മുഖ്യമന്ത്രിയെ വിളിച്ചത് ജോപ്പന്റെയും ജിക്കുമോന്റെയും ഫോണിലാണ്. താന്‍ പലതവണ മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ടെന്നും  സാമ്പത്തിക ഇടപാട് ജോപ്പനോട് പറയരുതെന്ന് ജിക്കുമോന്‍ ആവശ്യപ്പെട്ടുവെന്നും ബിജുവിനെതിരെ നടപടി എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

മുഖ്യമന്ത്രിയ്ക്ക് ആദ്യഗഡു പണം കൈമാറിയത്  2012 ഡിസംബറിലാണ്. രണ്ടാം ഗഡു അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുന്‍പും നല്‍കി. ഇക്കാര്യം ജിക്കുമോനെ അറിയിച്ചിരുന്നു. ശ്രീധരന്‍ നായരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ആ സമയം സെല്‍വരാജ് മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ഉണ്ടായിരുന്നു 2012 ജൂലൈ 9നാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്ക് 7 കോടി രൂപ നല്‍കേണ്ടി വരുമെന്ന് ജിക്കുമോന്‍ പറഞ്ഞു. അത്രയും പണം നല്കാന് കഴിയില്ലെന്ന് താനും പറഞ്ഞു. പണം ഡല്‍ഹിയില്‍ എത്തിക്കാന്‍ ജിക്കുമോന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം മുഖ്യമന്ത്രിക്കു പണം നല്‍കാനായി താന്‍ ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിക്കുള്ള പണവുമായി രണ്ടു ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.ചാന്ദ്‌നി ചൗക്കില്‍ തോമസ് കുരുവിളയെ കാണാനായി ധീരജ് എന്നയാളുടെ കാറില്‍ കാത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തോമസ് കുരുവിളയെത്തി.കാറിലിരുന്ന തോമസ് കുരുവിളയുമായി സംസാരിച്ചു. അന്ന് ഒരു കോടി പത്തുലക്ഷം രൂപ മുഖ്യമന്ത്രിക്കായ് തോമസ് കുരുവിളക്ക് കൈമാറിയെന്നും സരിത പറഞ്ഞു.

ആര്യാടന്റെ പിഎ കേശവന്‍ രണ്ട് കോടി ആദ്യം ആവശ്യപ്പെട്ടുവെന്നും സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞു. പണം നല്‍കിയാല്‍ കാര്യം നടക്കുമെന്നും പിഎ പറഞ്ഞുവെന്നും വിലപേശലിന്റെ ഒടുവിലാണ് 40 ലക്ഷം നല്‍കിയതെന്നും സരിത വ്യക്തമാക്കി. മന്‍മോഹന്‍ ബഗ്ലാവില്‍ എത്തി ആര്യാടന്റെ മുന്നില്‍ വെച്ചാണ് ആദ്യം 25 ലക്ഷം പിഎയ്ക്ക് നല്‍കിയത്. പിന്നീട് 15 ലക്ഷം ഓഫീസ് സ്റ്റാഫ് വഴി ആര്യാടന് കൈമാറി. കല്ലട ഇറിഗേഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ ആര്യാടന്‍ അനുമതി വാങ്ങിത്തന്നുവെന്നും സരിത പറഞ്ഞു.

അതേസമയം സരിതയുടെ ആരോപണം പച്ചക്കള്ളമാണെന്ന് കേശവന്‍ പറഞ്ഞു. ജിക്കുമോനും കുരുവിളയും ആരോപണം  നിഷേധിച്ചു.