Connect with us

Ongoing News

അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

Published

|

Last Updated

അഡ്‌ലെയ്ഡ്: ഏകദിന പരമ്പര തോറ്റ ഇന്ത്യ ട്വന്റി-20യില്‍ ജയത്തോടെ തുടങ്ങി. അഡ്‌ലെയ്ഡില്‍ 37 റണ്‍സിനാണ് ടീം ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

189 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് 19.3 ഓവറില്‍ 151 റണ്‍സിനു പുറത്തായി. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതാണ് ഓസീസിനു തിരിച്ചടിയായത്. ക്യാപ്റ്റന്‍ ഫിഞ്ച് 44 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് (21), ഡേവിഡ് വാര്‍ണര്‍ (17) എന്നിവരും പൊരുതി. 89/1 എന്ന നിലയില്‍ നിന്ന ഓസീസിനെ സ്പിന്നര്‍മാരായ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും മധ്യഓവറുകളില്‍ പിടിച്ചുകെട്ടി. മൂന്ന് വിക്കറ്റ് നേടിയ പേസര്‍ ജസ്പ്രീത് ബുംറ ട്വന്റി-20യിലും വരവറിയിച്ചു. അശ്വിനും ജഡേജയും അരങ്ങേറ്റക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയും രണ്ടു വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ വിരാട് കോഹ്‌ലിയുടെ അതിവേഗ അര്‍ധ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 55 പന്തില്‍ ഒന്‍പത് ഫോറും രണ്ടും സിക്‌സും നേടിയ കോഹ്‌ലി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഏകദിനത്തിലെ ഫോം തുടര്‍ന്ന രോഹിത് ശര്‍മ 21 പന്തില്‍ 31 റണ്‍സ് നേടി. ആദ്യ നാല് ഓവറില്‍ 40 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ രണ്ടു ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. ടീമിലേയ്ക്ക് മടങ്ങിയെത്തിയ ഷെയ്ന്‍ വാട്‌സണ്‍ ആദ്യ പന്തില്‍ തന്നെ രോഹിതിനെ ഫോക്‌നറുടെ കൈകളില്‍ എത്തിച്ചു. അഞ്ചാം പന്തില്‍ ശിഖര്‍ ധവാനെ വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിന്റെ കൈകളില്‍ എത്തിച്ച വാട്‌സണ്‍ തിരിച്ചുവരവ് അവിസ്മരണീയമാക്കി. അഞ്ച് റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

മൂന്നാം വിക്കറ്റില്‍ റെയ്‌ന-കോഹ്‌ലി സഖ്യം ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. അനായാസം സ്‌കോര്‍ ചെയ്ത കോഹ്‌ലി ഓസീസ് ബൗളര്‍മാരെ അഡ്‌ലെയ്ഡ് ഓവലില്‍ കാഴ്ചക്കാരനാക്കി. 34 പന്തില്‍ 41 റണ്‍സ് നേടിയ റെയ്‌ന അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്തായി. ജയിംസ് ഫോക്‌നര്‍ റെയ്‌നയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഒരു സിസക്‌സറും ബൗണ്ടറിയും നേടിയ ധോണി മൂന്ന് പന്തില്‍ 11 റണ്‍സോടെ പുറത്താകാതെ നിന്നു.

Latest