Connect with us

Gulf

വില്ലകളിലെ ഷെയറിംഗ് താമസം നിയന്ത്രിക്കാന്‍ നീക്കം

Published

|

Last Updated

ഷാര്‍ജ:ഷെയറിംഗ് താമസത്തിനെതിരെ എമിറേറ്റില്‍ കര്‍ശന നിയന്ത്രണത്തിനു നീക്കം. ഒരേ വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നതിനെതിരെയാണ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ താമസിക്കുന്ന ചില കുടുംബങ്ങള്‍ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിശ്ചിത ദിവസത്തിനകം താമസം ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അല്ലാത്തപക്ഷം നടപടിക്കു വിധേയരാകേണ്ടിവരും.
ദാസ്മാന്‍, റംല, ഗുബൈബ എന്നിവിടങ്ങളിലെ ചില കുടുംബങ്ങള്‍ക്ക് ഇതിനകം നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങളായി താമസിക്കുന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇതിലധികവും മലയാളി കുടുംബങ്ങളാണ്. ഇതേ തുടര്‍ന്ന് ദാസ്മാനില്‍ നിന്ന് ഒരു മലയാളി കുടുംബം താമസം ഒഴിഞ്ഞു. ഒരു വില്ലയില്‍ ഷെയറിംഗിലാണ് താമസിച്ചിരുന്നതെന്നും, എന്നാല്‍ ഇങ്ങനെ താമസിക്കരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് മറ്റൊരിടത്തേക്ക് മാറിയതെന്നും കുടുംബനാഥന്‍ പറഞ്ഞു. മറ്റൊരു വില്ലയില്‍ നിന്ന് മൂന്നു കുടുംബങ്ങളും ഒഴിയാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഈ കുടുംബങ്ങള്‍ അനുയോജ്യമായ താമസസ്ഥലം തേടിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരു തമിഴ് കുടുംബം ഇതിനകം താമസം ഒഴിഞ്ഞു. തങ്ങളടക്കം ആറ് കുടുംബങ്ങളാണ് ഒരു വില്ലയില്‍ ഷെയറിംഗില്‍ താമസിച്ചിരുന്നതെന്ന് കുടുംബനാഥ പറഞ്ഞു. അതേ സമയം രക്തബന്ധമുള്ള മൂന്നു കുടുംബങ്ങള്‍ക്കു ഒന്നിച്ചു താമസിക്കാമെന്ന് നിര്‍ദേശം ലഭിച്ചെന്നും ഇതേ തുടര്‍ന്ന് മറ്റു മൂന്നു കുടുംബങ്ങള്‍ക്കു ഒഴിയേണ്ടിവന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഖുര്‍ആന്‍ റൗണ്ട് എബൗട്ടിനു സമീപം അനുയോജ്യമായ താമസസ്ഥലം കണ്ടെത്തിയതായും കൂട്ടിച്ചേര്‍ത്തു.
നോട്ടീസ് ലഭിച്ച മറ്റുപല കുടുംബങ്ങളും താമസം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ഓര്‍ക്കാപ്പുറത്താണ് പല കുടുംബങ്ങള്‍ക്കും ഇത്തരം നോട്ടീസ് ലഭിച്ചത്. ഇതോടെ വ്യാപകമായി ഒഴിയാനുള്ള നോട്ടീസ് ലഭിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഒഴിയാന്‍ കൂടുതല്‍ സാവകാശം അനുവദിക്കാത്തത് കുടുംബങ്ങളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. നിശ്ചിത ദിവസത്തിനകം ഒഴിയാത്തപക്ഷം നടപടിക്കു വിധേയരാകേണ്ടിവരുമെന്ന ആശങ്ക ഏതു വിധേനയും ഒഴിയാന്‍ അവരെ പ്രേരിപ്പിക്കുന്നു.
മിക്ക കുടുംബങ്ങളും ഷെയറിംഗിലാണ് താമസിക്കുന്നത്. ഒരു വില്ലയില്‍ നിരവധി കുടുംബങ്ങള്‍ ഒന്നിച്ചുതാമസിക്കുന്നുണ്ടാകാം. മതിയായ സൗകര്യം ഓരോ കുടുംബത്തിനും ഉണ്ടാകും. അതുകൊണ്ടു തന്നെ ഷെയറിംഗ് താമസം അവരെ വിഷമിപ്പിക്കുകയുമില്ല. ചിലവും കുറഞ്ഞുകിട്ടും. അതുകൊണ്ട് തന്നെ ഷെയറിംഗിനാണ് പല കുടുംബങ്ങളും ശ്രമിക്കുന്നത്. കുറഞ്ഞ വരുമാനക്കാരുടെ ഏക ആശ്രയമാണ് ഷെയറിംഗ് താമസം. കുടുംബത്തെ കൂടെ താമസിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഷെയറിംഗില്‍ താമസസ്ഥലം വാടകക്കെടുത്ത് കുടുംബത്തെ നാടുകളില്‍ നിന്നും കൊണ്ടുവരുന്നു. ചുരുങ്ങിയചിലവില്‍ കുടുംബം സന്തോഷമായി കഴിയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞവരുമാനക്കാരെയാണ് പുതിയ നീക്കം ആശങ്കയിലാഴ്ത്തിയത്. അതേസമയം ഫഌറ്റുകളിലും വന്‍കിട പാര്‍പ്പിടസമുച്ചയങ്ങളിലും ലക്ഷ്വറിവില്ലകളിലും താമസിക്കുന്ന ഉയര്‍ന്നവരുമാനക്കാര്‍ക്ക് ഇത്തരം നീക്കങ്ങള്‍ ബാധിക്കില്ല. ആയിരക്കണക്കിന് വില്ലകളാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളത്. ഇവയൊക്കെയും സ്വദേശികളും മറ്റും ആവശ്യക്കാര്‍ക്ക് വാടകക്ക് നല്‍കപ്പെടുന്നവയാണ്. ഭൂരിഭാഗവും പഴയ കെട്ടിടങ്ങളാണ്.

Latest