Connect with us

Kerala

കര്‍ഷകര്‍ക്ക് നല്‍കാന്‍ പണമില്ല; തേങ്ങയുടെ സംഭരണ വില കുറക്കാന്‍ നീക്കം

Published

|

Last Updated

കണ്ണൂര്‍: കേര കര്‍ഷകരെ രക്ഷിക്കാനായി സര്‍ക്കാര്‍ സംഭരിക്കുന്ന തേങ്ങയുടെ വില വീണ്ടും കുറക്കാന്‍ നീക്കം. സംഭരണത്തിന് സബ്‌സിഡി നല്‍കാന്‍ പണമില്ലെന്ന കാരണം ഉയര്‍ത്തിയാണ് തേങ്ങയുടെ ഇപ്പോഴത്തെ സംഭരണ വില കുറക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാനത്തെ 400 കേന്ദ്രങ്ങള്‍ വഴിയാണ് ഇപ്പോള്‍ തേങ്ങ സംഭരിക്കുന്നത്. പൊതു വിപണിയിലുള്ളതിനേക്കാള്‍ ആറ് രൂപ വ്യത്യാസത്തിനാണ് ഇപ്പോള്‍ കേര ഫെഡ് തേങ്ങ സംഭരിക്കുന്നത്. കഴിഞ്ഞമാസം വരെ തേങ്ങക്ക് കൃത്യമായി പണം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ബേങ്ക് അക്കൗണ്ടില്‍ പണമില്ലെന്ന കാരണത്താല്‍ പലയിടത്തും തേങ്ങ സംഭരണം നിര്‍ത്തുകയോ അല്ലെങ്കില്‍ താത്ക്കാലികമായി സ്തംഭിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
തേങ്ങയുടെ സംഭരണ വില കുറക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കര്‍ഷകരുടെ പരാതി. നികുതി രസീതുമായി പോയി കൃഷി ഓഫീസില്‍നിന്നും തേങ്ങ വില്‍ക്കാനുള്ള പെര്‍മിറ്റ് വാങ്ങി സംഭരണ കേന്ദ്രത്തില്‍ തേങ്ങയെത്തിച്ചാല്‍ കിലോ ക്ക് 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സ്വകാര്യ കച്ചവടക്കാര്‍ കിലോ ക്ക് 17, 18 രൂപ നല്‍കുമ്പോഴാണ് കൃഷിഭവനില്‍ 25 രൂപ കിട്ടുന്നത്.
റബര്‍ ഉള്‍പ്പെടെയുള്ള കര്‍ഷിക വിളകള്‍ക്ക് വില ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ തീരുമാനം. എന്നാല്‍ ഈ വില ഇനിയും കുറക്കാനാണ് നീക്കം. ഇതിനായി ഇപ്പോള്‍ സംഭരിച്ച പച്ചത്തേങ്ങ പലയിടത്തുനിന്നും കയറ്റിക്കൊണ്ടുപോയിട്ടില്ല. ഇതിന് പുറമെ കര്‍ഷകര്‍ക്ക് നല്‍കേണ്ട വില രണ്ടാഴ്ചയിലധികമായി നീട്ടിക്കൊണ്ടു പോകുന്നുവെന്ന് പരാതിയുണ്ട്. തേങ്ങ കയറ്റിപ്പോയാല്‍ സംഭരണം തുടങ്ങുമെന്ന് കൃഷി ഭവനില്‍നിന്ന് പറയുന്നുണ്ടെങ്കിലും എന്ന് കയറ്റിപ്പോകുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയുന്നില്ല. സംഭരണത്തിന് ഇനിയും നൂറ് കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് കേരഫെഡ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എപ്പോള്‍ തുറക്കുമെന്നോ എത്രത്തോളം സംഭരണം നടത്തുമെന്നോ പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലെക്കെത്തുന്ന നാളികേര ഇറക്കുമതി വന്‍ തോതില്‍ ഇത്തവണ കൂടിയിട്ടുണ്ട്.
തമിഴ് നാട്ടില്‍ വിളവെടുപ്പു കാലമായതിനാലാണ് വന്‍തോതില്‍ തേങ്ങയെത്തുന്നത്. ഇത് പൊതുവിപണിയില്‍ ഇനിയും വില കുറക്കും. ഇതോടൊപ്പം സര്‍ക്കാറിന്റെ സംഭരണ വില കൂടി കുറഞ്ഞാല്‍ കര്‍ഷകര്‍ക്കത് കനത്ത തിരിച്ചടിയാകും. ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ 7.66 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് തെങ്ങു കൃഷിയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ മൊത്തം നാളികേരോത്പാദനത്തില്‍ കേരളത്തിന്റെ സംഭാവന കുറഞ്ഞുവരുന്നുണ്ട്.
ഇപ്പോള്‍ മൊത്തം ഉത്പാദനത്തിന്റെ 28 ശതമാനം മാത്രമേ കേരളത്തിന്റേതായിട്ടുള്ളൂ. നാളികേരത്തിന്റെ വിലത്തകര്‍ച്ചയാണ് തെങ്ങു കൃഷി കുറയാനുള്ള പ്രധാന കാരണം. അതേ സമയം അന്യ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ വിപണിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

Latest