ഡോക്ടര്‍മാര്‍ ജനറിക് മരുന്ന് എഴുതുന്നുണ്ടോ എന്ന് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: January 26, 2016 12:27 am | Last updated: January 26, 2016 at 12:27 am

തിരുവനന്തപുരം: ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതണമെന്ന നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
ജനറിക് മരുന്നുകള്‍ എഴുതാത്ത ഡോക്ടര്‍മാരുടെ പേരില്‍ നടപടിയെടുക്കണമെന്ന് കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സ് റഗുലേഷന്‍ 2002 അനുശാസിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ജനറിക് മരുന്നുകള്‍ എഴുതാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നിയമാനുസരണം നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ – കൊച്ചി മെഡിക്കല്‍ കൗസില്‍ 2012 ഡിസംബര്‍ 15ന് നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാറിന് വേണ്ടി ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാറും അടുത്ത മാസം 29നകം വിശദീകരണം നല്‍കണം. മാര്‍ച്ച് നാലിന് കമ്മീഷന്‍ ആസ്ഥാനത്ത് കേസ് പരിഗണിക്കും.
കവടിയാര്‍ സ്വദേശി എന്‍ എസ് അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ ജനറിക് നാമം ഉപയോഗിക്കണമെന്ന് രണ്ട് നിയമസഭാ കമ്മിറ്റികളും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാറും ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരു ന്നതാണ്.
ജനറിക് മരുന്നുകള്‍ക്ക് ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ വിലക്കുറവാണ്. എന്നാല്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ ജനറിക് മരുന്നെഴുതാന്‍ മടിക്കുന്നതായി പരാതിയില്‍ പറയുന്നു. ജനറിക് മരുന്നുകള്‍ക്ക് നിലവാരമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. ഇവ എളുപ്പം ലഭ്യമാകുകയും ചെയ്യും. മരുന്നു വിപണിയില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കുള്ള സ്വാധീനം ഒഴിവാക്കാനാകുമെന്നും പരാതിയില്‍ പറയുന്നു.