Connect with us

Kerala

മുഖ്യമന്ത്രി ഹാജരാകുന്നത് ആദ്യം; ചരിത്രമായി സോളാര്‍ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഹാജരാകുന്നത് ഇതാദ്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജസ്റ്റിസ് ശിവരാജനും ഒരുപോലെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായിരുന്നു. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മീഷന് മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുമായും ഓഫിസുമായും ബന്ധപ്പെട്ട സംശയങ്ങളില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഉമ്മന്‍ചാണ്ടി മറുപടിയും നല്‍കി.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചക്ക് ഒരുമണി വരെ തുടര്‍ന്നു. ഉച്ചക്കുശേഷം മറ്റു കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിച്ചു. തെളിവെടുപ്പിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 10.45ന് തന്നെ മുഖ്യമന്ത്രി ഹാജരായിരുന്നു. 11 ഓടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് പരസ്യമായി സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് മുഖ്യമന്ത്രി കമ്മീഷന് മുന്നിലും ആവര്‍ത്തിച്ചത്. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി വരെയുളളവരുടെ വിസ്താരത്തിന് ശേഷമാണ് കമ്മീഷന്‍ മുഖ്യമന്ത്രിയെ നേരിട്ട് വിസ്തരിച്ചത്.
മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എ ഡി ജി പി എ ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍നിന്നു സോളാര്‍ കമ്മീഷന്‍ നേരത്തെ മൊഴിയെടുത്തിരുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി കമ്മീഷന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 25-ാം തീയതി മൊഴി നല്‍കാന്‍ മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. എന്നാല്‍, കൊച്ചിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രത്യേക സിറ്റിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.