രാജ്യം റിപബ്ലിക് ദിനം ആഘോഷിച്ചു

Posted on: January 26, 2016 10:20 am | Last updated: January 26, 2016 at 8:19 pm

republic 3pgന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശ സേന അണിനിരന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ രാജ്യം അറുപത്തിയേഴാമത് റിപബ്ലിക് ദിനം ആഘോഷിച്ചു. തീവ്രവാദ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് റിപ്പബ്ലിക് ദിന പരേഡ് നടന്ന രാജ്പഥിലും ഡല്‍ഹിയിലും ഏര്‍പ്പെടുത്തിയിരുന്നത്. ഫ്രാന്‍സിന്റെ പ്രസിഡന്റ് ഫ്രാന്‍സേ ഹോളണ്ടേയായിരുന്നു മുഖ്യാതിഥി.രാവിലെ ഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. അതിനുശേഷമാണ് റിപ്പബ്‌ളിക്ക് ദിന പരേഡുകള്‍ ആരംഭിച്ചത്. മുഖ്യാതിഥിയായ ഫ്രാന്‍സേ ഹോളണ്ടേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും മോദി സ്വീകരിച്ചു. തുടര്‍ന്ന് രാജ്പഥില്‍ നടന്ന റാലിയില്‍ ഫ്രാന്‍സിന്റെ 123 അംഗ സൈന്യം രാഷ്ട്രപതിക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഫ്രഞ്ച് സൈന്യത്തിന്റെ മാര്‍ച്ച് കടന്നു പോകുന്നതിനിടെ, മോദിക്ക് സമീപമിരുന്ന ഒളന്ദ് ആവേശഭരിതനായി കൈയടിച്ചു. ലഫ്.കേണല്‍ പോള്‍ ബറി ആയിരുന്നു ഫ്രഞ്ച് സൈന്യത്തെ നയിച്ചത്. സൈന്യത്തിലെ അന്പതോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ബാന്‍ഡ് മേളവും അവതരിപ്പിച്ചു.

republic day 126 വര്‍ഷത്തിനു ശേഷം സൈന്യത്തിലെ ശ്വാനസേനയും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. സൈന്യത്തിന്റെ 1,200ല്‍ അധികം വരുന്ന ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 36 നായകളാണ് പരേഡില്‍ അണിനിരന്നത്. കഴിഞ്ഞ വര്‍ഷം വരെ 115 മിനിട്ടായിരുന്നു പരേഡ്, ഇത്തവണ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഒന്നര മണിക്കൂറായി കുറച്ചിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടേ മുഖ്യാതിഥിയായി എത്തുന്നതിനാല്‍ ഇതുവരെ രാജ്യം കണ്ടതില്‍ വെച്ചേറ്റവും മികച്ച സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും വിശിഷ്ടാതിഥിയായ ഫ്രഞ്ച് പ്രസിഡന്റിനും നേരെ ആക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കനത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

republic 2അതിനിടെ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെ ഡല്‍ഹിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പോലീസ് വാഹനമുള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത് ഏറെ ഭീതിപരത്തിയിരുന്നു. സൈനിക് സ്റ്റിക്കര്‍ പതിച്ച എച്ച് ആര്‍ 51 ടി 6646 എന്ന നമ്പറിലുള്ള സാന്‍ഡ്രോ കാറാണ് അവസാനമായി കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്ന് കാണാതായത്. ‘ഡിഫന്‍സ് സര്‍വീസസ് ഓഫീസര്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്’ എന്നും ‘എ ഐ ഐ എം എസ്’ എന്നും പതിച്ച രണ്ട് സ്റ്റിക്കറുകളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇത് മറ്റേതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രേം നാഥ് പറഞ്ഞു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ഥി ഷൈലേന്ദറിന്റെയാണ് അവസാനമായി മോഷണം പോയ വെള്ള സാന്‍ട്രോ കാര്‍.

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ മോഷണം പോകുന്ന മൂന്നാമത്തെ വാഹനമാണിത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഐ ജിയുടെ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനവും പഠാന്‍കോട്ടുനിന്ന് ഒരു ടാക്‌സി കാറും അടുത്തിടെ മോഷണം പോയിരുന്നു. ഈ കാറിന്റെ െ്രെഡവറെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനിടെ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് വൈകിയ ജെറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹി -കാഠ്മണ്ഡു വിമാനം പരിശോധനക്ക് ശേഷം യാത്ര തിരിച്ചു. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യു 260 വിമാനത്തിന്റെ യാത്രയാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് തടഞ്ഞത്. വിമാനത്തിനുള്ളില്‍ 18–ാം നമ്പര്‍ സീറ്റില്‍ സമ്മാനപേപ്പറില്‍ പൊതിഞ്ഞ ബോക്‌സിനുള്ളില്‍ ബോംബുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം. റിപ്പബ്ലിക്ദിന സന്ദേശങ്ങള്‍ അറിയിച്ചാണ് അജ്ഞാതന്‍ ഫോണ്‍വിളി അവസാനിപ്പിച്ചത്.
ഉച്ചക്ക് 1.25ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാനിരുന്ന വിമാനത്തിന്റെ യാത്രയാണ് തടസ്സപ്പെട്ടത്. 104 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും വിമാനത്തില്‍നിന്ന് ഇറക്കിയതിനുശേഷമാണ് പരിശോധന നടത്തിയത്.